പാവറട്ടി: പാവറട്ടി ജി.യു.പി സ്‌കൂളിൽ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് മുറിയും ശാസ്ത്ര പാർക്കും തുറന്നു. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സർക്കാർ സ്‌കൂളിന് പ്രീ പ്രൈമറി ശാക്തീകരണത്തിനായി ഒരു ലക്ഷം രൂപയും ശാസ്ത്ര പാർക്കിനായി മുപ്പതിനായിരം രൂപയും ലഭ്യമാക്കിയത്.

പാവറട്ടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല. സി.പി. ശാസ്ത്ര പാർക്കിന്റെയും മുല്ലശ്ശേരി ബി.പി.ഒ വിജി സി.ഡി നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സബീഷ് മരുതയുർ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക എൽ.ഒ. ഫിലോമിന, മുൻ പ്രധാനാദ്ധ്യാപിക അന്നമ്മ ടീച്ചർ, സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, പി.ടി.എ പ്രതിനിധികളായ മണികണ്ഠൻ, ഷീജ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ വിദ്യാർത്ഥികളായ വിമൽ സേവ്യർ, കൃഷ്‌ണേന്ദു എന്നിവരെ ആദരിച്ചു.