ചെറുതുരുത്തി: ഇന്ന് ദേശമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മാനവം 2019 സംസ്ഥാന തല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം സ്കൂളിൽ ഒരുക്കിയ മനുഷ്യ മാനവം വേറിട്ട പരിപാടിയായി. 52 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും കുട്ടികളെ അണിനിരത്തിയാണ് മനുഷ്യ മാനവം തീർത്തത്. സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശമുയർത്തി പ്രതീകാത്മകമായി രണ്ട് വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തി വിട്ടായിരുന്നു മനുഷ്യ മാനവം ആരംഭിച്ചത്. ഓരോ അക്ഷരത്തിന്റെയും മാതൃക കുട്ടികളെ അണിനിരത്തി രൂപപ്പെട്ടപ്പോൾ വിസ്മയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ പി. ടി.എ ഭാരവാഹികളും രക്ഷിതാക്കളും നിരവധി നാട്ടുകാരും സ്‌കൂളിലെത്തി. വൈകീട്ട് കൊച്ചിൻ പാലത്തിനു സമീപം മാനവ ദീപം തെളിക്കുകയും ചെയ്തു. മാനവം 2019ന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുക്കും.