തൃശൂർ: ഫയർ എൻജിനിൽ നിന്നും കനത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും ഫയർഫോഴ്‌സെത്തി നിയന്ത്രണ വിധേയമാക്കി. രണ്ടുമാസം മുമ്പ് ജർമ്മനിയിൽ നിന്നും എത്തിയ മാൻ എന്ന അത്യാധുനിക ഫയർ എൻജിനാണ് പ്രശ്‌നമുണ്ടായത്. എൻജിൻ ട്രയൽ റണ്ണിനായി പോയതായിരുന്നു. നടത്തറ ജംഗ്ഷന് സമീപത്ത് പത്തരയോടെയാണ് പുകക്കുഴലിലൂടെ വലിയ തോതിൽ കറുത്ത പുകയുയർന്നത്. ഇതോടെ ജനങ്ങളും ഫയർ സർവീസ് ജീവനക്കാരും പരിഭ്രാന്തിയിലായി.
പുക നിയന്ത്രിക്കാനാകാതെ വന്നതിനെ തുടർന്ന് തൃശൂർ ഫയർ സ്റ്റേഷനിൽ നിന്നും മറ്റൊരു വിദഗ്ദ്ധ സംഘമെത്തിയാണ് പുക നിയന്ത്രണ വിധേയമാക്കിയത്. പ്രശ്‌നം പരിഹരിക്കാൻ കൊച്ചിയിൽ നിന്നുള്ള കമ്പനിയുടെ വിദഗ്ദ്ധ സംഘം എത്തിയിട്ടുണ്ട്. പുകയുടെ കാരണം വ്യക്തമല്ല.12,000 ലിറ്റർ വെള്ളവും 1,000 ലിറ്റർ ഫോം കോമ്പൗണ്ടും വഹിക്കാൻ ശേഷിയുള്ള ഫയർ എൻജിൻ റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാൻ കഴിവുള്ളതാണ്.