വാടാനപ്പള്ളി: കണ്ടശാംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ മാനസിക രോഗിയായ തമിഴ്‌നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബസിൽ നിന്നിറങ്ങിയ ഇയാൾ പാലത്തിലൂടെ നടന്ന് മദ്ധ്യത്തിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട് ചൂണ്ടയിട്ട് മത്സ്യം പിടിച്ചിരുന്ന പെരിങ്ങാട്ട് സുകുമാരൻ, ചക്കാണ്ടൻ നാരായണൻ, ചക്കമ്പി മനോജ് എന്നിവർ വഞ്ചിയിൽ പാഞ്ഞെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ് വാടാനപ്പള്ളി പൊലീസെത്തി ഇയാളെ തൃശൂർ മാനസിക രോഗാശുപത്രിയിൽ എത്തിച്ചു. ഇയാൾ വെള്ളിയാഴ്ച രാവിലെ കോട്ടപ്പുറം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടാനും ശ്രമിച്ചിരുന്നു. അവിടെ നിന്ന് ബസ് കയറി വന്നാണ് കണ്ടശാംകടവ് പാലത്തിൽ വന്ന് പുഴയിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.