kaumat

തൃശൂർ : കേരളത്തിൽ കൂടുതൽ പട്ടികജാതിക്കാരുളള പാലക്കാട് ജില്ലയിൽ, കാർഷിക ബിരുദ പഠനത്തിന് കാർഷിക സർവകലാശാലയുടെ കോളേജ് ആരംഭിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. നെന്മാറ, മുതലമട അടക്കമുളള മൂന്ന് സ്ഥലങ്ങൾ കോളേജിനായി പരിഗണിക്കുന്നുണ്ടെന്നും കാർഷിക സർവകലാശാല ബഡ്ജറ്റിൽ

പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദർശനത്തിന്റെ തുടർച്ചയായി ഡച്ച് സർക്കാരിന്റെ സാങ്കേതിക സഹായത്തോടെ വയനാട്ടിലെ അമ്പലവയലിൽ പൂക്കൃഷിക്കും ഫലവർഗ കൃഷിക്കുമായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും. അമ്പലവയൽ പ്രാദേശിക ഗവേഷണകേന്ദ്രത്തിൽ തുടങ്ങിയ കാർഷിക കോളേജിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. കർഷകരുടെ സഹായത്തിനായി വിലനിലവാര പ്രവചനത്തിനും റിമോട്ട് സെൻസിംഗ് മുഖേന കാലാവസ്ഥാ മുന്നറിയിപ്പിനും സംവിധാനം ഒരുക്കുമെന്നും വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്ര ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർവകലാശാലയുടെയും അനുബന്ധ കോളേജുകളിലെയും ഗ്രന്ഥശാലകൾ കമ്പ്യൂട്ടർ ശൃംഖല വഴി നവീകരിക്കും. പ്രളയാനന്തര കേരളത്തിലെ കാർഷിക ആവാസ വ്യവസ്ഥയിലും മണ്ണിലും വന്ന മാറ്റം വിശദമായി പഠിക്കുകയും പ്രതിവിധികൾ ബ്‌ളോക്ക്, പഞ്ചായത്ത് തലത്തിൽ നിർദ്ദേശിക്കുകയും ചെയ്യും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യകൾ വികസിപ്പിക്കും. പുതിയ ഗവേഷണങ്ങൾ ജനങ്ങളിലെത്തിക്കാൻ അധിക പരിശ്രമമുണ്ടാകും. ധനകാര്യസമിതിയംഗം കെ.വി. വിജയദാസ് എം.എൽ.എയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.