തൃശൂർ : ജില്ലയിൽ ദേശീയപാതയുടെ അറ്റകുറ്റപണികൾ നടത്താത്തതിൽ ജില്ലാ വികസന സമിതി യോഗത്തിന്റെ രൂക്ഷ വിമർശനം. അറ്റകുറ്റപണികൾ യഥാസമയം നടത്താൻ ദേശീയപാത അതോറിറ്റി തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയപാതയിലെ തകർച്ച മൂലം അപകടം ഉണ്ടായി ജീവാപായം സംഭവിച്ചാൽ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ഡി ദേവസി എം.എൽ.എ പറഞ്ഞു. ദേശീയപാത അപകടാവസ്ഥയിലാണെന്നും കരാറുകാർ നാടുവിട്ട അവസ്ഥയിലാണെന്നിരിക്കേ ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്നുമുള്ള ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്റെ ആവശ്യം ചർച്ച ചെയ്യുകയായിരുന്നു യോഗം. ദേശീയപാത അധികൃതർ വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്തതിനെയും എം.എൽ.എമാർ വിമർശിച്ചു. ദേശീയപാതയുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആഗസ്റ്റിൽ എം.എൽ.എമാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനമായി. ഉരുൾപൊട്ടൽ മൂലം മാറ്റി പാർപ്പിച്ച അതിരപ്പള്ളി പഞ്ചായത്തിലെ ആനക്കയം കോളനി നിവാസികൾക്കായി അനുയോജ്യമായ ഭൂമി കണ്ടെത്തി നൽകുന്ന വിഷയത്തിൽ കോളനി വാസികളുടെ ഊരുകൂട്ടം ആഗസ്റ്റ് അഞ്ചിന് വിളിച്ചുചേർക്കാനും തീരുമാനിച്ചു. കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ പ്രൊഫ. കെ.യു അരുണൻ, ബി.ഡി ദേവസ്സി, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ആർ മായ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.