കൊടുങ്ങല്ലൂർ: താലൂക്ക് വനിതാ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ സി.പി.എം നയിച്ച സഹകരണ ജാനാധിപത്യ മുന്നണി പാനലിന് ഉജ്ജ്വല വിജയം. അജി ജോർജ്, മിനി പ്രദിപ്, മുഹ്‌സിയ ബഷീർ, ലത ശിവരാമൻ, ശാന്താ സന്തോഷ്, ഷീന ലെനിൻ, സരള നന്ദനൻ, സരിത, അംബിക അശോകൻ എന്നിവരാണ് വിജയിച്ചത്. അറുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇവരെല്ലാം വിജയിച്ചത്. സി.പി.എം രൂപം നൽകിയ സഹകരണ ജനാധിപത്യ മുന്നണി പാനലിൽ സി.പി.ഐയെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ മിനി തങ്കപ്പൻ നാമനിർദ്ദേശം നൽകിയിരുന്നുവെങ്കിലും അവസാനം പിന്മാറി. നിലവിലെ ഭരണസമിതിയിൽ എൽ.ഡി.എഫിന് പുറമെ യു.ഡി.എഫിലെ മൂന്ന് പേർക്കും പ്രാതിനിധ്യമുണ്ടായിരുന്നു. മുൻ പ്രസിഡന്റ് കൂടിയായ ഇന്ദു പി മേനോൻ, ഡയറക്ടർമാരായ സുലേഖാ സിദ്ദീഖ്, രാജി വിവേകാനന്ദൻ എന്നീ നിലവിലെ ബോർഡംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് സഹകരണ ഐക്യജനാധിപത്യ മുന്നണി പാനൽ മത്സരിച്ചതെങ്കിലും ആർക്കും വിജയം കണ്ടെത്താനായില്ല. ബി.ജെ.പി മത്സരത്തിന് മുതിർന്നില്ല. സി.പി.എമ്മിന് ഇത്ര മികവാർന്ന വിജയം സമ്മാനിച്ചതിന് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഷീജ ബാബുവും, കൺവീനർ സി.എ. ഷെഫീറും അംഗങ്ങൾക്ക് നന്ദി അറിയിച്ചു.