road
ദേശീയപാത 66ൽ രൂപപ്പെട്ട വലിയ കുഴികൾ

തൃപ്രയാർ: ദേശീയ പാത 66 ലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം. അപകടത്തിൽ പെട്ടാലും ഇല്ലെങ്കിലും ശരീരം നുറുങ്ങുമെന്നുറപ്പ്. തകർന്ന് തരിപ്പണമായി ചതിക്കുഴികളായി കിടക്കുകയാണ് റോഡ്. കുഴികളിൽ ചാടി ബൈക്കുകൾ മറിയുന്നതും യാത്രികർക്ക് പരിക്കേൽക്കുന്നതും നിത്യ സംഭവമായി. വാഹനം മറിഞ്ഞില്ലെങ്കിൽ തന്നെ ശരീരം നുറുങ്ങിയാകും യാത്ര. മഴ പെയ്തതോടെ ദേശീയ പാത സഞ്ചാരയോഗ്യമല്ലാത്ത വിധം കുഴികളായി തീർന്നു. കുഴികളിൽ വീണ് ദിവസേന നിരവധി ഇരുചക്രവാഹന യാത്രക്കാരും , ഓട്ടോറിക്ഷകളും അപകടത്തിൽപെടുന്നുണ്ട്. മാത്രമല്ല രാത്രി സമയത്ത് ദേശീയപാതയിൽ തെരുവ് വിളക്ക് കത്തുന്നുമില്ല. ദേശീയ പാതയിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞ് നിൽക്കുന്നത് കൂടുതൽ അപകടങ്ങൾക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽപ്പെട്ട് കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസുകളും അപകടത്തിൽപ്പെട്ടു. കുഴിയിൽ വീണ് ടയർ പൊട്ടിയും നിയന്ത്രണം വിട്ടും വാഹനങ്ങൾ മറിയുന്നതും കുറവല്ല. കൂടാതെ ദേശീയ പാതയിൽ വലപ്പാട് കുരിശുപള്ളി, തൃപ്രയാർ, തളിക്കുളം, പത്താംകല്ല്, വാടാനപ്പള്ളി , ഏങ്ങണ്ടിയൂർ തുടങ്ങിയ മേഖലകളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. തളിക്കുളം സെന്റർ മുതൽ കച്ചേരിപ്പടി വരെയുള്ള ഒരു കിലോമീറ്റർ പരിധിയിൽ ചെറുതും വലുതുമായ ഗർത്തങ്ങളാണ് വാഹന യാത്രയ്ക്ക് ഭീഷണിയായി രൂപപ്പെട്ടിട്ടുള്ളത്. ഇവയ്ക്ക് പുറമെ മെറ്റൽ ഒരു പാളി ഇളകി പലയിടത്തും കുഴികൾ രൂപപ്പെടാവുന്ന നിലയാണ്. കഴിഞ്ഞ ദിവസം രാത്രി തളിക്കുളം ഹൈസ്‌കൂളിന് സമീപം ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് അമീർ ഹംസ എന്ന യുവാവിനു സാരമായി പരിക്കേറ്റു. ധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്ത് യുവതിക്കും ബൈക്ക് മറിഞ്ഞ് പരിക്കേറ്റു. ഈ വിധം അപകടങ്ങൾ തുടർക്കഥയാണ്. എന്നിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ ദേശീയ പാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും അലംഭാവം തുടരുകയാണ്