തൃശൂർ : ദളിത് വിഭാഗക്കാരിയായ ഗീതാ ഗോപി എം.എൽ.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധീകരണം നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധം വിവാദത്തിൽ. ചേർപ്പ് യൂത്ത് കോൺഗ്രസാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചേർപ്പ് തൃപ്രയാർ റോഡ് തകർച്ചയെ തുടർന്ന് സിവിൽ സ്‌റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗീതാ ഗോപി എം.എൽ.എ സമരം അവസാനിപ്പിച്ച് മടങ്ങിയപ്പോഴാണ് ചേർപ്പ് സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത്. എം.എൽ.എയുടേത് സമരനാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രകടനമായെത്തിയ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡിൽ നിരന്തര അപകടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൺമുന്നിലുണ്ടായ അപകടാനുഭവത്തെ തുടർന്നായിരുന്നു എം.എൽ.എ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ തന്നെ പ്രവൃത്തി തുടങ്ങുകയും ചെയ്തു.