ആദ്യ ദിനം നാലു റെക്കാഡുകൾ
തൃശൂർ : സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യദിനത്തിൽ നാലു പുതിയ റെക്കാഡുകൾ. 21 മത്സരയിനങ്ങൾ അവസാനിച്ചപ്പോൾ 239 പോയിന്റ് നേടിയ തിരുവനന്തപുരം ജില്ല വ്യക്തമായ ലീഡുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്ത് 172 പോയിന്റുമായി എറണാകുളവും, മൂന്നാം സ്ഥാനത്ത് 67 പോയിന്റുമായി കോട്ടയവുമാണ്. 37 പോയിന്റോടെ പാലക്കാട് നാലാം സ്ഥാനത്തും, ആതിഥേയരായ തൃശൂർ 30 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ്. വനിതാ വിഭാഗം 200 മീറ്റർ ബാക്ക് സ്‌ട്രോക്കിലും, 50 മീറ്റർ ബാക്ക് സ്‌ട്രോക്കിലും എറണാകുളത്തിന്റെ സനാ മാത്യു റെക്കാഡ് ഡബിൾ നേട്ടം കൈവരിച്ചു. പുരുഷവിഭാഗം 100 മീറ്റർ ബട്ടർഫ്ലൈ സ്‌ട്രോക്കിൽ എറണാകുളത്തിന്റെ അഭിജിത് ഗഗാറിൻ, 400 മീറ്റർ വ്യക്തിഗത മെഡ്‌ലേയിൽ എറണാകുളത്തിന്റെ ശ്രേയ മേരി കമൽ എന്നിവരും റെക്കാഡോടെ സ്വർണം നേടി. വനിതാ വിഭാഗം 200 മീറ്റർ ബാക്ക് സ്‌ട്രോക്കിലും, 50 മീറ്റർ ബാക്ക് സ്‌ട്രോക്കിലും 14 വർഷം പഴക്കമുള്ള സോണി സിറിയക്കിന്റെ റെക്കാഡാണ് സനാ മാത്യു മറികടന്നത്. സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിലെ മത്സര വിജയികളാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുക. രണ്ടു ദിവസങ്ങളിലായി തൃശൂർ അക്വാട്ടിക് കോപ്ലക്‌സിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബിന്നി ഇമ്മട്ടി അദ്ധ്യക്ഷനായി. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങിൽ മന്ത്രി വി.എസ് സുനിൽ കുമാർ സമ്മാനദാനം നിർവഹിക്കും. സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ ചെയർമാൻ എം. വിജയകുമാർ മുഖ്യാതിഥിയാകും.