തൃശൂർ : മഹാരാജാസ് പോളിടെക്‌നിക്കിൽ വിദ്യാർത്ഥികൾക്ക് നേരെ അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വൈരാഗ്യ നടപടികളിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് മന്ത്രി കെ.ടി. ജലീലിന് പരാതി നൽകി. വിദ്യാർത്ഥികളെ മർദ്ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കായി സിലബസും ഫയലും പേനയും കൊടുക്കുന്ന കാമ്പയിൻ ഒന്നാം വർഷ ഇലക്ട്രോണിക്‌സ് ക്ലാസ്സിൽ നടക്കുന്നതിനിടയിൽ അദ്ധ്യാപകരെത്തി ഫോണിൽ വീഡിയോ പകർത്താൻ ശ്രമിച്ചതായി എസ്.എഫ്.ഐ കുറ്റപ്പെടുത്തി. കാമ്പസിൽ ഫോണുകൾക്ക് വിലക്കുണ്ട്. രണ്ടാഴ്ച മുമ്പ് ഇതേ അദ്ധ്യാപകർ രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഫോണുകളിൽ കുറച്ചു വിദ്യാർത്ഥിനികളുടെയും ഹോസ്റ്റൽ വിദ്യാർത്ഥിയുടെയും മാത്രം തിരിച്ചു നൽകി. ബാക്കി മുപ്പത്തഞ്ചോളം പേരുടെ ഫോൺ അദ്ധ്യാപകരുടെ കൈയിലാണെന്നും പരാതിയിൽ പറയുന്നു. ഇലക്ട്രോണിക്‌സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയെ ജാതി പേര് വിളിച്ചാക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളെ മർദ്ദിച്ചതിലും ജാതീയമായി അധിക്ഷേപിച്ചതിലും ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അദ്ധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.