കൊടുങ്ങല്ലൂർ: നഗരത്തോട് ചേർന്നുള്ള ഉഴുവത്ത്കടവിൽ സ്വകാര്യ സംരംഭമെന്ന നിലയിൽ 85 കാരന്റെ നേതൃത്വത്തിൽ ഒരുങ്ങിയ വയോജനകേന്ദ്രം ശ്രദ്ധേയമാകുന്നു. പുളിക്കൽ കളത്തിക്കാട്ട് കുഞ്ഞാണ്ടി ആൻഡ് മാധവി മെമ്മോറിയൽ വയോജന വിശ്രമ കേന്ദ്രമാണ് ജനശ്രദ്ധ ആകർഷിച്ചത്. പുളിക്കൽ കളത്തിക്കാട്ട് കുഞ്ഞാണ്ടിയുടെയും മാധവിയുടെയും മകനായ പുരുഷോത്തമൻ സ്വന്തം വീടിനോട് ചേർന്നാണ് ഈ വയോജന കേന്ദ്രം ആരംഭിച്ചത്. അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്ന ഗുരുദേവ സൂക്തമുൾപ്പെടെയുള്ള മഹത് വചനങ്ങൾ ചുവരുകളിൽ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. വായനയ്ക്കും വിശ്രമത്തിനും ആവശ്യമായ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. വൈകാതെ ശീതീകരണ സംവിധാനവും ടെലിവിഷനും കൂടി യാഥാർത്ഥ്യമാക്കണമെന്ന നിശ്ചയത്തിലാണ് അച്ഛനെന്ന് ഈ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്ന മക്കളിലൊരാളായ അജൻ പറഞ്ഞു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 3 മുതൽ 7 വരെയുമാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. വാർദ്ധക്യകാല രോഗങ്ങളും ജീവിതശൈലീ രോഗങ്ങളും എന്നതിനെ അധികരിച്ച് ബോധവത്കരണ ക്‌ളാസൊരുക്കി ഇന്നലെ വൃദ്ധരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. വാർഡ് കൗൺസിലറും മുൻ നഗരസഭാ ചെയർമാനുമായ സി.സി. വിപിൻചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ഒ.ജി. വിനോദ് ക്‌ളാസ് നയിച്ചു.