തൃശൂർ: ഇടവപ്പാതി തുടക്കത്തിൽ ദുർബലമാകുകയും ഏതാനും ദിവസങ്ങളിൽ പെട്ടെന്ന് പെയ്ത് വെള്ളക്കെട്ട് രൂപം കൊളളുകയും ചെയ്തതോടെ മുങ്ങാൻ തുടങ്ങിയത് 'ഓണത്തിനൊരു മുറം പച്ചക്കറി' എന്ന ജനകീയ പദ്ധതിയും വിഷരഹിത ഓണസദ്യയെന്ന സ്വപ്നവും.

തമിഴ്‌നാടിനെ ആശ്രയിക്കാതെ ഓണം ഉണ്ണാൻ ജില്ലയിൽ 2967 ഹെക്ടറിൽ പച്ചക്കറി കൃഷി നടത്തിയതായാണ് അനൗദ്യോഗിക കണക്ക്. മഴയില്ലാത്ത തെളിഞ്ഞുനിന്ന തിരുവാതിര ഞാറ്റുവേലയിൽ തുടങ്ങിയ കൃഷി തളിർത്തെങ്കിലും രണ്ടാഴ്ച മുൻപ് കുറച്ച് ദിവസം കനത്തമഴ പെയ്തത് കൃഷിയെ ബാധിച്ചു.

പച്ചക്കറികൃഷി കുറേയിടങ്ങളിൽ വെള്ളക്കെട്ട് കാരണം ചീഞ്ഞു. ചീര, പാവക്ക, പടവലം, വെണ്ട, വഴുതന, തക്കാളി, പയർ, വാഴ എന്നിവയ്ക്കെല്ലാം വിളവ് കുറഞ്ഞതായാണ് കർഷകർ പറയുന്നത്. ജില്ലയുടെ മുഴുവൻ മേഖലകളിലും പഞ്ചായത്ത് കേന്ദ്രീകരിച്ച് കൃഷി തുടങ്ങിയിരുന്നു. രണ്ടുമാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന പച്ചക്കറികളാണ് കൃഷി ചെയ്തത്. വെള്ളക്കെട്ടിലായ കൃഷിയെ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ചോദ്യത്തിന് കൃഷി ഓഫീസർമാർക്കും ഉത്തരമില്ല. ആദ്യവർഷം 'ഓണത്തിനൊരു മുറം പച്ചക്കറി' വിജയം കണ്ടതോടെ തമിഴ്നാടൻ പച്ചക്കറിക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയവും പദ്ധതിയെ വേരോടെ പിഴുതു.

'ഓണത്തിനൊരു മുറം പച്ചക്കറി' മൂന്നാം വർഷം

ലക്ഷ്യം: ലക്ഷക്കണക്കിന് വിത്ത് പാക്കറ്റുകളും പച്ചക്കറിത്തൈകളും നൽകി കാർഷികരംഗത്തേക്ക് ജനങ്ങളെ ആകർഷിക്കുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുക.

പങ്കാളികൾ: സ്‌കൂൾവിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, കർഷകർ, വീട്ടമ്മമാർ, കർഷക ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ.

സ്ഥലങ്ങൾ: വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പറമ്പുകൾ, മട്ടുപാവുകൾ, തരിശ്‌ നിലങ്ങൾ

പ്രളയം: നൽകിയത് 33.09 കോടി

പ്രളയംമൂലം കൃഷി നശിച്ച ജില്ലയിലെ കർഷകർക്ക് ദുരിതാശ്വാസമായി കൃഷിവകുപ്പ് ഇതുവരെ വിതരണം ചെയ്തത് 33,09,52,331 രൂപയാണ്. കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ സമാഹരിച്ച് 32046 കർഷകർക്കാണ് ആനുകൂല്യങ്ങൾ നൽകിയത്. 4745.8 ഹെക്ടർ സ്ഥലത്താണ് കൃഷി നശിച്ചത്. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി കഴിഞ്ഞ ആഗസ്റ്റ് മുതൽ ജൂൺ വരെ സ്വന്തം ഫണ്ടിൽ നിന്ന് ചെലവഴിച്ചത് 23,56,79,834 രൂപയാണ്. കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ മാർച്ച് വരെ 13,259 കർഷകർക്ക് ആശ്വാസം ലഭിച്ചു. സംസ്ഥാന സർക്കാർ വിളനാശ നഷ്ടപരിഹാരമായി 23792 കർഷകർക്ക് 18,45,61,109 രൂപയും വിള ഇൻഷ്വറൻസായി 2407 കർഷകർക്ക് 5,11,18,725 രൂപയും നൽകി.

'' കാർഷിക പദ്ധതികൾ കുടുംബശ്രീ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ഓരോ കുടുംബശ്രീ കൂട്ടായ്മയ്ക്കും കൃഷി ചെയ്യാനുള്ള അവസരം ഒരുക്കും.''

-മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് (അന്നമനടയിൽ കുടുംബശ്രീ സി.ഡി.എസ് വാർഷികം ഉദ്ഘാടനപ്രസംഗത്തിൽ)