thriprayar-temple
നാലമ്പല തീർത്ഥാടകതിരക്കിലമർന്ന് തൃപ്രയാർ ക്ഷേത്രം

തൃപ്രയാർ: നാലമ്പല ദർശനത്തിന്റെ ഭാഗമായി തൃപ്രയാറിൽ ഞായറാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടു. കർക്കടക മാസത്തിലെ ഏറ്റവും വലിയ തിരക്കാണ് ശനിയും ഞായറും അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ തന്നെ ഭക്തരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. തീർത്ഥാടനം തുടങ്ങിയ ശേഷം ആദ്യമായാണ് വൻതിരക്ക്. പുലർച്ചെ രണ്ടോടെ തന്നെ പടിഞ്ഞാറെ നടയിൽ ഭക്തരുടെ നീണ്ട നിര ദർശനത്തിനായി കാത്തുനിന്നു.

മൂന്നരയോടെയാണ് ഭക്തരെ ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശിപ്പിച്ചത്. രാവിലെ എട്ടോടെ ഭക്തരുടെ വരി പോളി ജംഗ്ഷൻ വരെ നീണ്ടു. മഴ നനയാതെ വരി നിൽക്കാൻ പന്തൽ സൗകര്യം ഏർപ്പെടുത്തിയിരുന്നത് ഭക്തർക്ക് അനുഗ്രഹമായി. വരിയിൽ നിന്ന് ക്ഷീണിച്ചവർക്ക് ചുക്കുകാപ്പിയും ശുദ്ധജലവും നൽകി.

ഭക്തരെയും കൊണ്ടുവന്ന വാഹനങ്ങൾ മൂലം കിഴക്കെ ടിപ്പു സുൽത്താൻ റോഡ് നിറഞ്ഞു കവിഞ്ഞു. ദേശീയ പാതയിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആരോഗ്യവകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളായ ആക്ട്‌സ്, സുരക്ഷ, വലപ്പാട് പൊലീസ് എന്നിവരുടെ സേവനം ഭക്തർക്ക് ലഭിച്ചു.