തൃശൂർ: പീച്ചി ഡാമിന്റെ നിർമ്മാണഘട്ടത്തിൽ റിസർവോയറിന്റെ സമീപത്ത് താമസിച്ചിരുന്ന ഒളകര കോളനിയിലെ ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ആഗസ്റ്റിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഒളകര കോളനിവാസികൾക്ക് നൽകാനായി ഭൂമി കണ്ടെത്തിയതായി ആർ.ഡി.ഒ അറിയിച്ചു.
മലയോര കർഷകർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയ്ക്ക് പ്രത്യേക ഓഫീസ് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പട്ടയം അനുവദിക്കുന്നതിന്റെ ആദ്യഘട്ടമായി, കേന്ദ്ര വനഭൂമി പതിവ് ലിസ്റ്റിൽ പേരുള്ളവർക്ക് ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് ഇല്ലെങ്കിലും പട്ടയം അനുവദിക്കാമെന്നും പട്ടയം അനുവദിക്കുന്ന സമയത്ത് ഭൂമിയിൽ നിൽക്കുന്ന മരത്തിന്റെ വില മാത്രം അനുവദിച്ചാൽ പട്ടയം നൽകുമെന്നും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അറിയിച്ചു.

ഈ തീരുമാനം നടപ്പിലാക്കാൻ ആവശ്യത്തിന് സർവേയർമാരെ ഉൾപ്പെടുത്തി പ്രത്യേക ഓഫീസ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചേലക്കര മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സിയുടെ തൃശൂർ - ചേലക്കര - വട്ടുള്ളി, തൃശൂർ - കൊണ്ടയൂർ ഓർഡിനറി ബസ് സർവീസുകൾ പുനഃസ്ഥാപിക്കുന്നതോടൊപ്പം പുതിയ ബസ് റൂട്ടുകൾ കൂടി അനുവദിച്ച് മണ്ഡലത്തിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ ആവശ്യപ്പെട്ടു.

യോഗത്തിൽ

ഒളകര ആദിവാസി കോളനിക്കാർക്ക് ഭൂമി കണ്ടെത്തി, ആഗസ്റ്റിൽ തുടർയോഗം

മലയോര കർഷകർക്ക് പട്ടയം അനുവദിക്കുന്നതിന് ജില്ലയിൽ ഓഫീസ് വേണം

അനുമതി നൽകുന്ന സമയത്തെ മരത്തിന്റെ വില നൽകിയാൽ പട്ടയം നൽകും

ചേലക്കരയിൽ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി വേണം

കേന്ദ്ര വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കേണ്ട ആദിവാസികൾക്ക് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്വന്തമായ ഭൂമിയില്ല. ഒളകര കോളനി വാസികൾക്ക് അടിയന്തരമായി ഭൂമി നൽകാൻ നടപടി സ്വീകരിക്കണം.

- അഡ്വ. കെ. രാജൻ, ഗവ. ചീഫ് വിപ്പ്