thushar-vellappilli

മാള: ഗുരുദേവന്റെ മഹാസമാധി ദിനത്തിലെ വള്ളംകളി, സർക്കാർ സ്‌പോൺസർ ചെയ്യുന്ന അഹന്തയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി പറഞ്ഞു. കൊടുങ്ങല്ലൂരിൽ നടത്താനിരിക്കുന്ന വള്ളംകളി മാറ്റിവയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാള എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാസമാധി ദിനത്തിൽ സർക്കാരിന്റെ അഹന്തയെ ചോദ്യം ചെയ്യേണ്ടതുണ്ട്. എസ്.എൻ.ഡി.പി യോഗം ജാതി സംഘടന തന്നെയാണ്. ഗുരുദേവൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുന്ന കാലഘട്ടമാണിത്. ഈഴവ സമുദായത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും തൊഴിൽ രംഗങ്ങളും തകർച്ചയിലാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പുറത്തുനിന്നുള്ളവരെ ആശ്രയിച്ചാണ്. ശരീരം കയറ്റിയയയ്ക്കുന്ന ഇടമായി സംസ്ഥാനം മാറിയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് പി.കെ. സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ യൂണിയൻതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ.കെ. ഹർഷകുമാർ നിർവഹിച്ചു. ആദരണീയം ചടങ്ങ് യോഗം കൗൺസിലർ ബേബിറാം നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിവിത്ത്- കിറ്റ് വിതരണം യോഗം കൗൺസിലർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു.