തൃശൂർ: പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ്മയ്ക്ക് സാംസ്‌കാരിക കേരളം വിട നൽകി. ഔദ്യോഗിക ബഹുമതികളോടെ പാറമേക്കാവ് ശാന്തിഘട്ടിൽ ഭൗതിക ശരീരം സംസ്കരിച്ചു. രാവിലെ സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ നൂറുകണക്കിന് പേരെത്തി. മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽ കുമാർ, എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, കളക്ടർ എസ്. ഷാനവാസ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സാഹിത്യകാരന്മാരായ ടി.ഡി. രാമകൃഷ്ണൻ, ബാലചന്ദ്രൻ വടക്കേടത്ത്, സാറ ജോസഫ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കോട്ടപ്പുറത്ത് രാഗമാലികാപുരത്തെ വസതിയായ ശഹാനയിലും പൊതുദർശനമുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആറ്റൂരിൻ്റെ അന്ത്യം. തമിഴിലെ കമ്പരാമായണം പൂര്‍ണമായി മലയാളത്തിലേക്ക് മൊഴി മാറ്റാനാവാതെയാണ് 88 ാം വയസിൽ അദ്ദേഹം വിടവാങ്ങുന്നത്.