youth

ജാതി അധിക്ഷേപമെന്ന് ഗീതാ ഗോപി എം.എൽ.എ

തൃശൂർ : ഗീതാ ഗോപി എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ച നടപടിക്കെതിരെ ഇടത് യുവജന സംഘടനകൾ രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ എ.ഐ.വൈ.എഫ് ചേർപ്പ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ജാതി അധിക്ഷേപത്തിന് യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേർപ്പ് മേഖലാ കമ്മിറ്റി പൊലീസിൽ പരാതിയും നൽകി. യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടേത് ഉത്തരേന്ത്യൻ വൈകൃതമാണെന്ന് ആരോപിച്ച് മന്ത്രി ബാലനും രംഗത്തെത്തി. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഗീതാ ഗോപി എം.എൽ.എയും പൊലീസിൽ പരാതി നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും നിയമസഭാംഗത്തോടു പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും എം.എൽ.എ ചേർപ്പ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും എം.എൽ.എ പറഞ്ഞു.

ശനിയാഴ്ചയിലെ സംഭവം ഇങ്ങനെ

ഗുരുവായൂരിലെ അമൃത് ശുദ്ധജല പദ്ധതിക്ക് പൈപ്പ് ഇടാനായി ചേർപ്പ് തൃപ്രയാർ റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് ചിറയ്ക്കലിൽ നാട്ടുകാർ എം.എൽ.എയുടെ കാർ തടഞ്ഞു. ഇതോടെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ ഗീതാ ഗോപി എം.എൽ.എ ചേർപ്പ് സിവിൽ സ്റ്റേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഈ സമയം ഉദ്യോഗസ്ഥർ കരാറുകാരനുമായി ബന്ധപ്പെട്ടു. ചിറയ്ക്കൽ ഭാഗത്തെ വലിയ കുഴികളിൽ മെറ്റൽ പൊടി ഇട്ട് തുടങ്ങിയതോടെ മൂന്നരയ്ക്ക് എം.എൽ.എ സമരം അവസാനിപ്പിച്ചു.
പിന്നാലെ എം.എൽ.എയുടെ സമര നാടകം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തി. സമരം അവസാനിപ്പിച്ച് യൂത്ത് കോൺഗ്രസുകാർ എം.എൽ.എ കുത്തിയിരുന്ന സ്ഥലം ചാണക വെള്ളം തളിച്ചു വൃത്തിയാക്കി.

എനിക്കെതിരെ നടത്തിയത് പ്രകടമായ ജാതീയ അധിക്ഷേപം തന്നെ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട എം.എൽ.എ ആയതിനാലാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്തിയത്.

-ഗീതാഗോപി എം.എൽ.എ