മാള: ഒരിഞ്ചു ഭൂമി പോലുമില്ലാത്ത തളർന്നുകിടക്കുന്ന വയോധിക ദമ്പതികളെ സംരക്ഷിക്കാൻ നടപടിയായി. തകർന്നുവീഴാറായ കുടിലിൽ നരകയാതനയിൽ കഴിയുന്ന ഇവരുടെ ജീവിതാവസ്ഥ സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് സംരക്ഷണ നടപടികളായത്. പൊയ്യ പഞ്ചായത്തിലെ പുളിപ്പറമ്പ് കുറവൻപറമ്പിൽ കുട്ടനും ഭാര്യ ശാന്തയും പത്താം വാർഡിലാണ് താമസിക്കുന്നത്. 78 കാരനായ കുട്ടപ്പൻ രണ്ട് വർഷത്തോളമായി കിടപ്പിലാണ്.
രക്തസമ്മർദ്ദം വർദ്ധിച്ച് ഭാര്യ ശാന്ത കഴിഞ്ഞ അഞ്ച് വർഷമായി തളർന്നുകിടക്കുകയാണ്. ശാന്തയെ പുത്തൻവേലിക്കര അസീസി ഭവനിലേക്ക് മാറ്റാനാണ് നടപടിയുണ്ടായത്. ശാന്തയുടെ പരിചരണം ഇവർ ഏറ്റെടുത്തതായും കുട്ടപ്പന്റെ ശുശ്രൂഷ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് വടമയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് ലിങ്ക് സെന്റർ ഏറ്റെടുത്തതായും പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അറിയിച്ചു. ഇവരുടെ മകൻ രജീഷും മരുമകൾ അരുന്ധതിയും ഏഴ് വയസുള്ള കുട്ടിയുമാണ് ഈ ഒറ്റമുറി കുടിലിൽ കഴിയുന്നത്.
അരുന്ധതിക്ക് വാഹനാപകടത്തിലെ പരിക്കിനെ തുടർന്നുള്ള മുറിവിൽ അണുബാധ ശുശ്രൂഷിക്കാനും പാലിയേറ്റീവിന്റെ സഹായം നൽകും. കുട്ടപ്പനെ മക്കൾ സഹകരിച്ച് സംരക്ഷണം നൽകണമെന്ന് ധാരണയിലെത്തി. കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്തയെ തുടർന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. കുടിലിനുള്ളിൽ വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കി ശുചിത്വം ഉറപ്പുവരുത്തുന്ന നടപടികൾ പാലിയേറ്റിവ് കെയറും ചേർന്ന് നടത്തി.
കുട്ടപ്പനെയും ശാന്തയെയും കുളിപ്പിച്ച് വൃത്തിയാക്കി മുറിവുകളിൽ മരുന്ന് വച്ച് നൽകുകയും ചെയ്തു. വയോധികരായ ദമ്പതികളുടെ ദുരിതാവസ്ഥ നിറഞ്ഞ കാഴ്ച പുറംലോകം അറിഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഒരു ദുരന്തമായി മാറുമായിരുന്നു.
ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തും
റേഷൻ കാർഡ് പോലും ഇല്ലാത്ത ഈ കുടുംബം ഒരു പദ്ധതിയിലും ഉൾപ്പെടാത്തത് സംബന്ധിച്ച് സാദ്ധ്യമായ നടപടികൾ സ്വീകരിക്കും. സാമൂഹിക ക്ഷേമ വകുപ്പും ഇക്കാര്യത്തിൽ സഹായകരമായ നിലപാടാണ് എടുക്കുന്നത്.
സിജി വിനോദ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്