jinto
പാറേക്കാട്ടിൽ ജിന്റൊ

ചാലക്കുടി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് നിയമന ഉത്തരവ് കിട്ടിയ ഉദ്യോഗാർത്ഥികൾ വഞ്ചിക്കപ്പെട്ടതായി പരാതി. ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷം മുമ്പ് നിയമന പട്ടികയിൽപ്പെട്ട ഭൂരിഭാഗം പേരും ഇപ്പോഴും അവ്യക്തമായ കാരണങ്ങളാൽ പുറത്തു നിൽക്കുകയാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

കൊരട്ടി ആറ്റപ്പാടത്തെ പാറേക്കാടൻ ജിന്റോ എന്ന യുവാവാണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പൂലാനിയിലെ മാക്കാട്ടി ഷൈജന്റെ പരാതിയും ഉയർന്നിരുന്നു.

ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് 214 ഡ്രൈവർമാരുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്. ഇതു പ്രകാരം ജിന്റോ, ഷൈജൻ എന്നിവർ ഉൾപ്പെടെയുള്ള 46 ഉദ്യോഗാർത്ഥികളുടെ പേര് ചാലക്കുടി ഡിപ്പോയിലേക്ക് അയക്കുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞിട്ടും ജോലിക്ക് വിളിക്കാതായപ്പോൾ ഇവർ കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിച്ചു. എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ആനവണ്ടിക്കാർ അനങ്ങിയില്ല. തുടർന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതരെ സമീപിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഇവരടക്കം 214 പേരും ഇപ്പോൾ വിവിധ ഡിപ്പോകളിൽ ജോലി ചെയ്തുവരുന്നുവെന്നാണ് രേഖയിൽ. ഇക്കാരണത്താൽ ഇവർക്കിനി മറ്റൊരു സർക്കാർ ജോലിക്ക് പോകാനും കഴിയില്ല. രേഖാ പ്രകാരമുള്ള ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഇവർക്ക് മുന്നിൽ കെ.എസ്.ആർ.ടി.സിക്കാർ കൈമലർത്തുകയും ചെയ്തു. ഇതോടെ ഇവർ ചെകുത്തനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലായി. ചാലക്കുടി ഡിപ്പോയിലേക്ക് നിയമനം ലഭിച്ച മറ്റു 44 ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജിന്റോ പറഞ്ഞു.
തൊഴിലാളി യൂണിയനുകൾ ഒത്തുകളിച്ച് തസ്തികകൾ മറ്റാർക്കെങ്കിലും തരപ്പെടുത്തി കൊടുത്തുവെന്നാണ് ഇയാൾ കുറ്റപ്പെടുത്തുന്നത്.