ചാലക്കുടി: കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ സി.പി.എം ശ്രമം ആരംഭിച്ചു. പ്രസിഡന്റ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്ന് ജനാധിപത്യ മഹിളാ അസോസിയേഷനും മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പാർട്ടി നേരിട്ട് സമരത്തിനിറങ്ങാനാണ് തീരുമാനം.
ഇതിനിടെ രക്ഷകരില്ലാതെ നട്ടം തിരിയുകയാണ് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത്. അബദ്ധത്തിൽ പറ്റിയ കൈപ്പിഴയാണെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പ്രതിരോധിക്കാൻ പാർട്ടിയില്ലെങ്കിൽ പ്രസിഡന്റിന് പിടിച്ചുനിൽക്കാനാകില്ല. ഇതിനിടെ പാർട്ടിയിലെ എതിരാളികളും കണ്ണത്തിനെതിരെ രഹസ്യമായി കരുക്കൾ നീക്കുന്നുണ്ടെന്ന് പറയുന്നു.