ചാലക്കുടി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടപ്പാക്കിയ പരിഷ്‌ക്കാരം അധികൃതർക്ക് തന്നെ വിനയാകുന്നു. ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെ വേർതിരിക്കുന്ന ഇരുമ്പു ഡിസ്‌ക്കിൽത്തട്ടി ഒരു ഉദ്യോഗസ്ഥൻ ഇവിടെ താഴെ വീണു. ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ അവസ്ഥ ഗുരുതരമാണ്.
ഏതാനും മാസം മുമ്പാണ് ഇത്തരത്തിലൊരു പരിഷ്‌ക്കാരം സ്റ്റാൻഡിൽ നടപ്പാക്കിയത്. ജീവനക്കാർ മൊത്തമായി എതിർത്തിട്ടും സ്റ്റേഷൻ ഓഫീസർ ഇതു നടപ്പാക്കുകയായിരുന്നു. ദീർഘ ദൂരത്തേക്കുള്ളവയടക്കം എല്ലാ ബസുകളും സ്റ്റേഷന് അഭിമുഖമായി പാർക്ക് ചെയ്യുന്നതാണ് പരിഷ്‌ക്കരിച്ച രീതി. ഇവ പുറപ്പെടുന്ന സമയത്ത് പിന്നോട്ടെടുക്കുമ്പോൾ മറ്റു ബസുകളിൽ ഇടിക്കാൻ സാധ്യത ഏറെയാണ്. മാത്രമല്ല, ഈ സമയം പിന്നിൽ യാത്രക്കാർ നിൽക്കുന്നതു നോക്കാനും ആളില്ല. മഴയത്തും രാത്രിയിലും തലനാരിഴക്കാണ് ഇത്തരം അപകടങ്ങൾ ഒഴിവായത്. പുതിയ പരിഷ്‌കാരത്താൽ മഴ കൊണ്ടാണ് യാത്രക്കാർ ബസുകളിൽ കയറുന്നതും. ഓഫീസർക്ക് പിണഞ്ഞ അപകടം യാത്രക്കാർക്കും സംഭവിക്കാമെന്നാണ് ജീവനക്കാർ പറയുന്നത്.
....................................
പരിഷ്‌കാരം വിനയായി
ബസുകൾ പാർക്ക് ചെയ്യുന്നത് സ്റ്റേഷന് അഭിമുഖമായി
പുറപ്പെടുന്ന സമയത്ത് പിന്നോട്ടെടുക്കുമ്പോൾ മറ്റു ബസുകളിൽ ഇടിക്കാൻ സാധ്യത ഏറെ
പിന്നിൽ യാത്രക്കാർ നിൽക്കുന്നതു നോക്കാനും ആളില്ല
യാത്രക്കാർ ബസുകളിൽ കയറുന്നത് മഴ കൊണ്ട്