എറണാകുളം റണ്ണേഴ്സ് അപ്
തൃശൂർ : സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 450 പോയിന്റ് നേടി തിരുവനന്തപുരം ഒാവറാൾ കിരീടം ചൂടി. 356 പോയിന്റോടെ എറണാകുളം ജില്ല റണ്ണേഴ്സ് അപ്പായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുവനന്തപുരം തന്നെയാണ് ചാമ്പ്യൻമാർ.117 പോയിന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. എറണാകുളത്തിന്റെ കെ. അരുൺ അനേഷ്, ശ്രേയ മേരി കമൽ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ.
ആദ്യദിനത്തിലെ നാലു റെക്കാഡുകൾ കൂടാതെ, രണ്ടാം ദിനത്തിൽ മൂന്ന് പുതിയ റെക്കാഡുകൾ കൂടി പിറന്നു. എറണാകുളത്തിന്റെ അഭിജിത്ത് ഗഗാറിനും ശ്രേയ മേരി കമലും ഇരട്ട റെക്കാഡിന് ഉടമകളായി. തിരുവനന്തപുരത്തിന്റെ എസ്. സുനീഷ് മൂന്ന് റെക്കാഡുകൾ കരസ്ഥമാക്കി. വനിതാ വിഭാഗം 200 മീറ്റർ ബാക്ക് സ്‌ട്രോക്കിലും, 50 മീറ്റർ ബാക്ക് സ്‌ട്രോക്കിലും എറണാകുളത്തിന്റെ സനാ മാത്യു നേരത്തേ റെക്കാഡ് ഡബിൾ നേടിയിരുന്നു. ആദ്യദിനം പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്‌ളൈയിൽ റെക്കാഡിട്ട അഭിജിത്ത് 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ കഴിഞ്ഞ വർഷത്തെ തന്റെ റെക്കാഡ് ഭേദിച്ചാണ് ഞായറാഴ്ച ഇരട്ട നേട്ടം സ്വന്തമാക്കിയത് (00:53.73). നീന്തൽക്കുളത്തിൽ നിന്ന് മൊത്തം അഞ്ച് സ്വർണം മുങ്ങിയെടുത്ത ശ്രേയ മേരി വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലേയിൽ ഇരട്ട റെക്കാഡ് പൂർത്തിയാക്കി (02:40.52). 2014ൽ തിരുവനന്തപുരത്തിന്റെ എസ്. ആരതിയുടെ റെക്കാഡാണ് (02:41.48) ശ്രേയ മറികടന്നത്. 50 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് സുനീഷ് റെക്കാഡ് സമയം കുറിച്ചത് (00:29.44). വാട്ടർ പോളോയിൽ തിരുവനന്തപുരം ഇരട്ട കിരീടം ചൂടി. പുരുഷന്മാരുടെ ഫൈനലിൽ അവർ എറണാകുളത്തെയും വനിതാ വിഭാഗത്തിൽ പാലക്കാടിനെയും പരാജയപ്പെടുത്തി. സമാപന യോഗത്തിൽ മന്ത്രി വി. എസ് സുനിൽ കുമാർ ട്രോഫികൾ സമ്മാനിച്ചു. സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ സതി കുമാരി, സാംബശിവൻ, സുരേഷ് എന്നിവരും പങ്കെടുത്തു..