കൊടുങ്ങല്ലൂർ: നഗരസഭയുടെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അഞ്ചാംഘട്ട പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെട്ട 236 ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി, നഗരസഭ ബാങ്ക് വായ്പയ്ക്കായി ശ്രമം തുടങ്ങി. പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി സ്ഥലമുള്ളതും വാസയോഗ്യമായ വീടില്ലാത്തവർക്കുമാണ് നഗരസഭ വീട് നിർമ്മിച്ചു നൽകുന്നത്.
ആദ്യഘട്ടത്തിൽ 1071 ഗുണഭോക്താക്കളെയാണ് നഗരസഭ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അതിൽ 350 പേർക്ക് വീട് നൽകി. ബാക്കിയുള്ള 721 പേർ നഗരസഭയുമായി കരാറിലേർപ്പെട്ട് വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. തറ പണി, സൺ ഷേഡ് വാർക്കൽ, മെയിൻ വാർക്ക തുടങ്ങിയ വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ് നഗരസഭ പണം നൽകുന്നത്.
തറ കെട്ടുന്നതിന് മുമ്പ് 40,000 രൂപ, തുടർന്ന് 1.6ലക്ഷം, 1.6 ലക്ഷം, 40,000 രൂപ എന്നിങ്ങനെ നാല് ഗഡുക്കളായാണ് പണം നൽകുന്നത്. കൂടാതെ, തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഏകദേശം 25,000 രൂപ കൂടി നൽകും. അങ്ങിനെ നാലേ കാൽ ലക്ഷം രൂപയോളം നൽകും. ഇപ്പോൾ ശ്രമമാരംഭിച്ചിട്ടുള്ള ബാങ്ക് വായ്പ ലഭിച്ചാൽ 236 പേർക്ക് കൂടി വീട് നൽകാനാകും. അതോടെ 1,300 പേർക്ക് നഗരസഭയിൽ സ്വന്തമായി വീട് ലഭിക്കും. സെപ്തം. 30 നകം 500 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. ഒരാൾക്ക് ഒന്നര ലക്ഷം വീതം 3 .54 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പ എടുക്കും. ബാക്കിയുള്ള രണ്ട് ലക്ഷം രൂപ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭ്യമാക്കും. അര ലക്ഷം രൂപ നഗരസഭയുടെ ഫണ്ടിൽ നിന്നും നീക്കിവെച്ചിട്ടുണ്ട്.

വനിതകളുടെ നിർമ്മാണ ഗ്രൂപ്പ്

നഗരസഭയിൽ വനിതകളുടെ നിർമ്മാണ ഗ്രൂപ്പുകൾ രൂപീകരിച്ചു. 15 വനിതകളാണ് നിർമ്മാണ രംഗത്തുള്ളത്. ഇവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിശീലനം അടുത്ത ആഴ്ച്ച ആരംഭിക്കും. തുടർന്ന് ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വീടുകൾ നിർമ്മിക്കുക. ഇവർക്ക് ഗുണഭോക്താവ് കൂലി നൽകേണ്ട. പകരം ആ ചെലവ് സർക്കാർ വഹിക്കും. അങ്ങനെ കൂലിയിനത്തിലും വലിയ സംഖ്യ ഗുണഭോക്താക്കൾക്ക് ലാഭിക്കാം