തൃശൂർ: ഡി.സി.സി പ്രസിഡന്റ് പദവി വീണ്ടും വിവാദത്തിൽ. തുടരാൻ കഴിയില്ലെന്ന് ടി.എൻ. പ്രതാപൻ വ്യക്തമാക്കിയതോടെ വെട്ടിലായത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. തങ്ങൾക്ക് ഡി.സി.സി പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് ടി.എൻ. പ്രതാപൻ തന്നെ ഡി.സി.സി പ്രസിഡന്റായി തുടരുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പ്രതാപൻ നിരസിച്ചതോടെ ബദൽ സംവിധാനം എന്താണെന്ന ആലോചനയിലാണ് നേതൃത്വം.

രാഹുൽ ഗാന്ധിയുടെയും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റേയും ആശീർവാദത്തോടെയാണ് ഗ്രൂപ്പിന് അതീതൻ എന്ന ലേബലിൽ ടി.എൻ. പ്രതാപൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായത്. എം.പിയായി വിജയിച്ചതോടെ ടി.എൻ. പ്രതാപൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. പുതിയ പ്രസിഡന്റിനായി ഗ്രൂപ്പ് തലത്തിൽ അണിയറ നീക്കങ്ങൾ മുറുകുകയാണ്. എന്നാൽ ഡി.സി.സി നേതൃപദവി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ കെ.പി.സി.സിക്കും കഴിയാത്ത സ്ഥിതിയാണ്.

മുതിർന്ന നേതാക്കൾക്ക് പുറമേ യുവാക്കളും രംഗത്ത് വന്നതോടെ ആരെ നിയോഗിക്കണമെന്ന് അറിയാതെ വന്നിരിക്കുകായണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ യുവനേതാക്കൾക്ക് അവസരം നൽകണമെന്ന വാദത്തിനാണ് മുൻതൂക്കം. രമ്യ ഹരിദാസിന് കാർ വാങ്ങാനായുള്ള യൂത്ത് കോൺഗ്രസ് നീക്കം വിവാദമായതോടെയാണ് ഡി.സി.സി നേതൃപദവി വീണ്ടും ചർച്ചയിൽ സജീവമായത്. രമ്യക്ക് പിരിച്ചെടുത്ത് കാർ വാങ്ങാനുള്ള നീക്കത്തെ വിമർശിച്ച കെ.പി.സി.സി പ്രസിഡന്റിനെതിരെ അനിൽ അക്കര എം.എൽ.എ. ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.