vavu-
കഴിഞ്ഞ കർക്കടകവാവുബലി ദിനത്തിൽ വിലങ്ങനിലെത്തിയവർ (ഫയൽ ഫോട്ടോ)

തൃശൂർ: നടത്തത്തിലൂടെ സൗഹൃദം പങ്കിടുന്നവരുടെ കൂട്ടായ്മയായ വിലങ്ങൻ ട്രെക്കേഴ്‌സ് ഈ കർക്കടകപ്പിറവിയിലും വിലങ്ങൻ കുന്നിലെ ഓർമ്മമരങ്ങൾക്ക് അരികിലെത്തും. പോയ വർഷങ്ങളിൽ അവർ വിലങ്ങനിൽ തീർത്ത അശോക വനത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായാണ് ഒത്തുചേരൽ. രാവിലെ ഒമ്പതിന് എഴുത്തുകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ നേതൃത്വം നൽകും. മരങ്ങളുടെ നാമകരണവും നടക്കും. കേടുപാട് തീർത്ത് പുതിയ മരങ്ങൾ നടും. നട്ടുപിടിപ്പിച്ച മരങ്ങളെ പരിപാലിച്ച് പരിസ്ഥിതിയോടുളള നീതിപുലർത്താനായാണ് ഈ ഒത്തുചേരലെന്ന് സംഘാടകസമിതി കൺവീനർ സി.എ. കൃഷ്ണൻ പറഞ്ഞു. മന്ത്രി സി.എൻ ബാലകൃഷ്ണൻ, കവി ആറ്റൂർ രവിവർമ്മ, ട്രെക്കേഴ്‌സ് വൈസ് പ്രസിഡൻ്റ് പി.ആർ. വേലായുധൻ, കെ. കൃഷ്ണകുമാർ, പി.വി. ഉമ്മർ തുടങ്ങിയവർക്ക് വേണ്ടി ഓർമ്മമരം നടും. 'ഓർമ്മക്കൊരു മരം, ഭൂമിക്കൊരു മരം' എന്ന സന്ദേശവുമായി വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ് 2008ൽ തുടക്കമിട്ട അശോകവനം പദ്ധതി ആയിരം മരങ്ങളുമായി ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. വിലങ്ങൻകുന്നിൽ പതിനൊന്ന് വർഷങ്ങളായി അശോക വനത്തിന് കീഴിൽ വിശിഷ്ട വ്യക്തികൾ നട്ടതാണ് ആയിരം ഓർമ്മമരങ്ങൾ. പത്ത് വർഷം മരം നട്ട് പരിപാലിച്ച് പിറവിയെടുത്ത വിലങ്ങനിലെ കാട് വിലങ്ങൻ്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയും ചെയ്തു.