തൃശൂർ: പാതി പെയ്ത് കാലവർഷം പിൻവാങ്ങിയതിനാൽ ഡാമുകളിൽ ജലസമൃദ്ധിയുണ്ടായില്ലെങ്കിലും നഗരത്തിലെ പ്രധാനറോഡുകളിൽ ചെളിവെളളവും മരണക്കുഴികളും സമൃദ്ധി. കാലവർഷം നൂറുശതമാനമായിരുന്നെങ്കിൽ റോഡുകളിലെ കുഴികളിൽ കിടന്ന് ദിവസം മുഴുവൻ നരകിക്കേണ്ടി വരുമായിരുന്നുവെന്ന് യാത്രക്കാർ. ദിവാൻജിമൂലയിൽ നിന്ന് ചെട്ടിയങ്ങാടിയിലേക്കുള്ള റോഡിലും റിംഗ് റോഡിലും ശക്തൻ നഗറിലും പടിഞ്ഞാറെക്കോട്ടയിലും കിഴക്കെകോട്ടയിലുമെല്ലാം കുഴികൾ രൂപം കൊണ്ടതോടെ ഇരുചക്ര വാഹനയാത്രക്കാർ ഭീതിയിലാണ്. രാത്രി കാലങ്ങളിൽ കുഴി കാണാതെ വീഴുന്നവരും തലനാരിഴയ്ക്ക് വൻ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരും നിരവധി.


സ്വരാജ് റൗണ്ട് ഉയർന്നു നിൽക്കുന്നതിനാൽ മഴപെയ്താൽ മുൻകാലങ്ങളിൽ വെള്ളം താനെ ഒഴുകി താഴേയ്ക്ക് പൊയ്‌ക്കൊള്ളും. പക്ഷേ, അശാസ്ത്രീയമായ കാനനിർമ്മാണം കാരണം ജനറൽ ആശുപത്രി മുൻവശം, വടക്കെ സ്റ്റാൻഡ്, ഇക്കണ്ടവാര്യർ റോഡ്, മുണ്ടുപാലം, ശക്തൻ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാം ഒറ്റമഴയ്ക്ക് വെള്ളക്കെട്ട് രൂപം കൊളളും. അതോടെ ഗതാഗതക്കുരുക്ക് മുറുകും. ആഴ്ചയ്ക്കുള്ളിൽ റോഡ് പൊളിയും.
സ്വരാജ് റൗണ്ടിലെ മഴവെള്ളമടക്കം റോഡിനടിയിലൂടെ ഒഴുകിപ്പോകാനുള്ള സംവിധാനം മുമ്പുണ്ടായിരുന്നു. റോഡുകൾ നവീകരിച്ചപ്പോൾ എൻജിനീയർമാർ നിർമ്മിച്ച കാനകളാണ് റോഡുകളെ വെള്ളക്കെട്ടിലാക്കിയത്. മഴയത്ത് റോഡിലുണ്ടാകുന്ന കുത്തൊഴുക്കിനെ കാനയിലേക്കു തിരിച്ചുവിടാൻ ചെറിയ പൈപ്പുകൾ മാത്രമാണ് ഇട്ടിരിക്കുന്നത്. ഇതുവഴി കാനയിലേക്ക് പോകാനാവാതെ വരുന്ന വെള്ളം നേരെ ഒഴുകി റോഡിലെത്തും. റോഡിൽ നിന്ന് കാനയിലേക്കുള്ള പല പൈപ്പുകളും മണ്ണടിഞ്ഞ് പുല്ലുവളർന്ന് അടഞ്ഞിരിക്കുന്ന നിലയിലാണ്. ഈയിടെ നിർമിച്ച കണ്ണംകുളങ്ങര റോഡിലും കാനയിലേക്ക് വെള്ളം ഒഴുകാതെ കെട്ടിക്കിടക്കാറുണ്ട്. കഴിഞ്ഞ ദിവസം അശ്വിനി ജംഗ്ഷന് സമീപം റോഡിലെ കുഴിയിൽ വീണ് തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനെ ബസ് ഇടിച്ചിരുന്നു. ബസിനടിയിൽപെട്ട സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

വെട്ടിപ്പൊളിച്ച റോഡുകൾ

അമൃതം പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. കോർപറേഷൻ പ്രദേശത്തെ മുഴുവൻ വീടുകളിലും വെള്ളമെത്തിച്ച് സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കാനാണ് പൈപ്പുകൾ ഇട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഭരണനേതൃത്വം പറയുന്നത്. എന്നാൽ ആസൂത്രണമില്ലാതെ പുതുതായി ടാർ ചെയ്ത റോഡുകൾ പോലും പൈപ്പിടാൻ വെട്ടിപ്പൊളിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

മുണ്ടുപാലത്തിന് സമീപം ടാർ ചെയ്ത റോഡ് ഒരാഴ്ച കഴിഞ്ഞപ്പോൾ വെട്ടിപ്പൊളിച്ചിരുന്നു. 'കുഴികളിൽപെട്ട് യാത്രക്കാർക്ക് അപകടം സംഭവിക്കുന്നത് തുടരുകയാണ്. കോർപറേഷന്റെ അനാസ്ഥയ്‌ക്കെതിരെ സമരം തുടരും.'

എ. പ്രസാദ്, പ്രതിപക്ഷ കൗൺസിലർ

''കുഴികൾ ശ്രദ്ധയിൽപെട്ടയുടൻ ടാർ ചെയ്ത് അടയ്ക്കാൻ നടപടി സ്വീകരിച്ചിരുന്നു. ഇനിയും കുഴി അടയ്ക്കൽ തുടരും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ബദൽ മാർഗങ്ങൾ ഉടൻ നടപ്പിലാക്കും. ''

അജിത വിജയൻ, മേയർ