തൃശൂർ: ഇടിമുഴക്കത്തോടെ കുറ്റാന്വേഷകർക്ക് വഴിതെളിച്ച തണ്ടർ (11) പൊലീസ് സേനയുടെ നിറകണ്ണുകളെ സാക്ഷിയാക്കി മണ്ണോട് ചേർന്നു. മണം പിടിച്ച് കുറ്റവാളികളെ ഞൊടിയിടയിൽ പൊലീസിന് ചൂണ്ടിക്കാണിച്ചിരുന്ന നായയായിരുന്നു 'തണ്ടർ". വാർദ്ധക്യസഹജമായ രോഗങ്ങളാണ് മരണ കാരണം. ജീവിത സായാഹ്നത്തിൽ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ ടിവിയും ഫാനും നീന്തൽക്കുളവും ടോയ്‌ലറ്റുമടങ്ങുന്ന 'വിശ്രാന്തിയിൽ" വിശ്രമ ജീവിതത്തിലായിരുന്നു പൊലീസിൽ നിന്ന് വിരമിക്കുന്ന നായ്‌ക്കളുടെ വിശ്രമകാലം രാജകീയമാക്കാൻ അടുത്തിടെ തുറന്ന സുഖവാസ കേന്ദ്രമാണ് വിശ്രാന്ത്.
ഒരു കാലത്ത് സേനയിൽ നായ്‌ക്കളുടെ രാജാവായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട തണ്ടർ. സേനയുടെ അഭിമാനമായിരുന്ന തണ്ടർ കൊല്ലം സിറ്റി പൊലീസിൽ എട്ടുവർഷം സേവനം അനുഷ്ഠിച്ചു. രണ്ട് മാസം മുമ്പാണ് വിശ്രാന്തിയിലെത്തിയത്.
2009ൽ പൊലീസ് അക്കാഡമിയിൽ നിന്ന് വിദഗ്‌ദ്ധ പരിശീലനം നേടിയ ശേഷമാണ് കൊല്ലത്തെത്തുന്നത്. 2011ൽ ഇരവിപുരത്തെ വീട്ടിലെ അലക്കുകല്ലുകൾക്കിടയിൽ 15 ലീറ്ററിന്റെ ബക്കറ്റ് നിറയെ വെടിമരുന്നു കണ്ടെത്തിയതും, 2013ൽ കുണ്ടറയിലെ കേരളപുരത്തെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതി ഗൃഹനാഥനാണെന്ന് കണ്ടെത്തിയതും തണ്ടറായിരുന്നു. 2012ൽ സംസ്ഥാന പൊലീസ് ഡ്യൂട്ടിമീറ്റിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
ഇന്നലെ രാവിലെ 10.45ന് രാമവർമ്മപുരം പൊലീസ് അക്കാഡമി വളപ്പിൽ സംസ്‌കാരച്ചടങ്ങുകൾ തുടങ്ങിയപ്പോൾ പൊലീസുകാർ തണ്ടറിന് പുഷ്പാർച്ചന നടത്തി. തുടർന്ന് ആചാരവെടി മുഴക്കി ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കി. അക്കാഡമി ഡി.ഐ.ജി അനൂപ് കുരുവിള, അക്കാഡമി അസി. ഡയറക്ടർ ഉമ ബഹ്‌റ, മോട്ടോർ ട്രാൻസ്‌പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ മനോജ് കുമാർ തുടങ്ങി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.