തൃശൂർ: പ്രധാന പാലം കോൺഗ്രസ് എം.എൽ.എയുടെ മണ്ഡലത്തിൽ. ഇതിനോട് ചേർന്നു കിടക്കുന്ന നടപ്പാലം സി.പി.ഐ മന്ത്രിയുടെ മണ്ഡലത്തിൽ. രാഷ്ട്രീയഭേദം മറന്ന് ഇരുവരും തോളോടു തോൾ ചേർന്നപ്പോൾ അഴിയുന്നത് കോഴിക്കോട് തൃശൂർ റോഡിലെ പ്രധാനകുരുക്ക്. റെക്കാഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പുഴയ്ക്കലിലെ പാലം അടുത്ത മാസം പത്തിനുള്ളിൽ തുറന്നു കൊടുക്കും. അപ്രോച്ച് റോഡിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും മാറ്റി. കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ നഗരഹൃദയത്തിലേക്ക് കടക്കുന്ന പുഴയ്ക്കലിലെ പ്രധാന കുരുക്കിന് കാരണം ഇവിടെ രണ്ടുവരിപ്പാലം മാത്രമേയുള്ളൂവെന്നതായിരുന്നു. ഇരുഭാഗത്തുമുള്ള നാലുവരി പാതയിൽ നിന്ന് വരുന്ന വാഹനങ്ങൾ രണ്ടുവരി പാലത്തിലെത്തുമ്പോൾ പലപ്പോഴും കുരുക്കിലകപ്പെടും. ശോഭാ സിറ്റി തുറന്നതോടു കൂടിയാണ് കുരുക്ക് രൂക്ഷമായത്. ഈ കുരുക്കഴിക്കാൻ വേണ്ടിയാണ് തൊട്ടടുത്ത് മറ്റൊരു പാലം നിർമ്മിച്ചത്.
കരാറുകാരൻ+മന്ത്രി+ എം.എൽ.എ
കരാറുകാരൻ കെ.ജെ. വർഗീസ്, മന്ത്രി വി.എസ്. സുനിൽകുമാർ, അനിൽ അക്കര എം.എൽ.എ ഇവരുടെ കൂട്ടായ ശ്രമത്തിലാണ് നിർമ്മാണം റെക്കാഡ് വേഗത്തിൽ പൂർത്തിയായത്. 2018 ജൂലായിലാണ് കരാർ ഉറപ്പിച്ചതെങ്കിലും വർഗീസ് മാർച്ചിൽ തന്നെ പണി തുടങ്ങി. പ്രളയം കുറച്ചുനാൾ പണി വൈകിപ്പിച്ചതൊഴിച്ചു നിറുത്തിയാൽ ഇതുവരെ തടസങ്ങളുണ്ടായില്ല. മാസത്തിൽ മൂന്നോ നാലോ തവണ മന്ത്രിയും എം.എൽ.എയും കരാറുകാരനെ കാണും. ഫയലുകൾക്ക് പിറകെ മന്ത്രിയും എം.എൽ.എയും ഉണ്ടെന്നറിയാവുന്ന ഉദ്യോഗസ്ഥരും കൂടെ നിന്നപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഏഴരക്കോടി രൂപയാണ് അനുവദിച്ചിട്ടുണ്ടെങ്കിലും അതിൽക്കുറവ് തുകയ്ക്ക് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അപ്രോച്ച് റോഡ്
ടാറിംഗ് പിന്നീട്
അപ്രോച്ച് റോഡിന്റെ ടാറിംഗ് മഴ മാറിയിട്ടേ നടത്തൂ. അതുവരെ മെറ്റലിട്ട റോഡിലൂടെ വാഹനം കടത്തിവിടും. പാലത്തിന്റെ രണ്ട് ഭാഗത്തും പുതിയ ജംഗ്ഷനുകൾ സ്ഥാപിച്ചേക്കും. വാഹനങ്ങൾ കടത്തിവിട്ടതിന് ശേഷം ഗതാഗത നിയന്ത്രണം സംബന്ധിച്ച് പഠനം നടത്താനാണ് തീരുമാനം. ഒന്നര മാസം പലയിടത്തായി ബാരിക്കേഡുകൾ മാറ്റി സ്ഥാപിക്കും. പിന്നീട് ഗതാഗതം താത്കാലികമായി അടച്ച് അപ്രോച്ച് റോഡ് ടാർ ചെയ്യും. സ്ഥിരം ബാരിക്കേഡുകൾ സ്ഥാപിക്കും.
......................................................................
ശോഭ മാളിലേക്കു വാഹനം എവിടെ തിരിയണമെന്നു തീരുമാനിക്കുന്നത് ജംഗ്ഷനിലെ ഗതാഗത കുരുക്ക് നിരീക്ഷിച്ച ശേഷമായിരിക്കും
അനിൽ അക്കര എം.എൽ.എ
പ്രധാന പാലത്തിന്റെ നീളം 44.64 മീറ്റർ
വീതി 7.5 മീറ്റർ (നടപ്പാത 1.5 മീറ്റർ)
നടപ്പാലത്തിന്റെ നീളം 30 മീറ്റർ
വീതി 2.5 മീറ്റർ
നിർമ്മാണ ചെലവ് 7.37 കോടി രൂപ