thakkoldhanam
പ്രവാസി കൂട്ടായ്മയുടെയും കയ്പ്പമംഗലം ജനമൈത്രി പൊലീസിന്റെയും ക്ലബുകളുടെയും സഹകരണത്തോടെ കയ്പ്പമംഗലത്ത് നിർമ്മിച്ച മൂന്ന് നിർദ്ധന കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ ദാനം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി നിർവഹിക്കുന്നു

കയ്പ്പമംഗലം: കേരളത്തിലെ ജനങ്ങളുടെ കൂട്ടായ്മയാണ് പ്രളയത്തെ അതിജീവിക്കാൻ കരുത്തുപകർന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി. കെയർ ആൻഡ് ഷെയർ പ്രവാസി കൂട്ടായ്മയുടെയും കയ്പ്പമംഗലം ജനമൈത്രി പൊലീസിന്റെയും ക്ലബുകളുടെയും സഹകരണത്തോടെ കയ്പ്പമംഗലത്ത് നിർമ്മിച്ച മൂന്ന് നിർദ്ധന കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ഒന്നാണെന്ന ബോധമുണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള കൂട്ടായ്മയും സത്കർമ്മങ്ങളും ഉണ്ടാവുകയുള്ളൂ. പൊലീസിനെ കുറിച്ച് വിവാദം ഉയരുമ്പോളും ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളാണ് അവർക്ക് മനുഷ്യത്വവും സംസ്‌കാരവും ഉണ്ടെന്ന് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കയ്പ്പമംഗലം എസ്.എച്ച്.ഒ ജയേഷ് ബാലൻ, എസ്.ഐ അനൂപ്, കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ്, വൈസ് പ്രസിഡന്റ് കദീജ പുതിയവീട്ടിൽ, പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആഷ്‌ലി, ബി.എസ് ശക്തിധരൻ, സി.ജെ പോൾസൺ, മുഹമ്മദ് ചാമക്കാല, ഷൈൻ, സെയ്തു മുഹമ്മദ് എന്നിവർ സംസാരിച്ചു. കൂരിക്കുഴി തച്ചേരി റീത്ത കൃഷ്ണൻ കുട്ടി, കൂരിക്കുഴി ചെന്നറ വീട്ടിൽ ഖദീജ അബ്ദുൾ സമദ്, ഏറാട്ട് ഷീജ എന്നിവർക്കാണ് നാല് ലക്ഷം രൂപ ചെലവിൽ 475 സ്‌ക്വയർ ഫീറ്റിൽ വീട് പണിത് നൽകിയത്. ഇതിന് നേതൃത്വം നൽകിയ ആഷ്‌ലി, ശിഹാബ് എന്നിവരെ ആദരിച്ചു.