തൃശൂർ : പാർക്ക് ചെയ്ത ബൈക്കുകൾ മാറ്റി വെച്ച് പണം തട്ടുന്ന വിരുതനെ പൊലീസ് പൊക്കി. ചിറ്റിലപ്പിള്ളി സ്വദേശി സുബിനാണ് (25) അറസ്റ്റിലായത്. നഗരത്തിൽ മണികണ്ഠനാലിനടുത്ത് ബൈക്ക് പാർക്ക് ചെയ്ത് വടക്കുനാഥ ക്ഷേത്രത്തിൽ ദർശനത്തിന് പോയ ചിയ്യാരം സ്വദേശി ഹരിഹരനിൽ നിന്ന് പണം വാങ്ങാൻ ശ്രമിക്കവേയാണ് ഈസ്റ്റ് പൊലീസും, ജില്ലാ ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്.

മൈതാനത്ത് ബൈക്ക് പാർക്ക് ചെയ്യുന്നത് നോക്കി നിന്ന് ഉടമസ്ഥൻ പോയെന്ന് ഉറപ്പാക്കി, മറ്റൊരു സ്ഥലത്തേക്ക് ബൈക്ക് മാറ്റിവെച്ച് ഒളിപ്പിക്കും. ഉടമസ്ഥൻ തിരിച്ചെത്തി ബൈക്ക് കാണാതായതിൽ പരിഭ്രാന്തിപെടുമ്പോൾ തഞ്ചത്തിൽ അടുത്തു കൂടി പൊലീസിൽ വിവരം നൽകാമെന്നേറ്റ് അടുത്തുകൂടും. ഇതിനിടയിൽ ഫോൺ നമ്പർ വാങ്ങും. തുടർന്ന് ഫോണിൽ ബൈക്ക് കണ്ടെത്തിയ വിവരം വിളിച്ചറിയിക്കും. പകരം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പതിനായിരം രൂപയാണ് ഹരിഹരനോട് ആവശ്യപ്പെട്ടത്. അയ്യായിരത്തിൽ ഉറപ്പിച്ച് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ്.എച്ച്.ഒ പി.പി ജോയ്, ക്രൈംബ്രാഞ്ച് എസ്.ഐ ഗ്ലാഡ്സ്റ്റൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.