കൊടുങ്ങല്ലൂർ: നഗരസഭാ പരിധിയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ സുരക്ഷ മുൻ നിറുത്തി പൊളിച്ചു നീക്കാൻ നടപടി വരുന്നു. തെക്കെ നടയിലുള്ള ചില കെട്ടിടങ്ങളുൾപ്പടെ ഒമ്പത് കെട്ടിടങ്ങളാണ് ഇപ്പോൾ സുരക്ഷാ പരിശോധനയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ദ്ധരെ കൊണ്ട് നൂറ് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിപ്പിച്ച ശേഷം അനന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ച് നീക്കുകയോ ബലപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള നടപടികൾ ഉറപ്പാക്കും. കൊടുങ്ങല്ലൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ, നഗരത്തിലെ കെട്ടിടങ്ങൾ പരിശോധന നടത്തി അവയുടെ ബലത്തിലും നിലനിൽപ്പിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഗൗരവപൂർവ്വം കൈകാര്യം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്..