ചാലക്കുടി: സമൂഹ മാദ്ധ്യമത്തിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രസിഡന്റ് തോമസ് കണ്ണത്ത് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ ഇന്നു കാടുകുറ്റി പഞ്ചായത്തിലേക്ക് മാർച്ച് നടത്തും. ഉച്ചയ്ക്കുശേഷം നടക്കുന്ന കമ്മിറ്റി യോഗത്തിൽ എത്തുന്ന തോമസ് കണ്ണത്തിനെ തടയുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരെയും സമരത്തിൽ അണിനിരത്തും. ഇതിനിടെ കേസിൽ കുടുങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കുന്നതിന് ശ്രമം തുടങ്ങി. രണ്ടുദിവസമായി അദ്ദേഹം ഒളിവിലുമാണ്. ഇക്കാരണത്താൽ ചൊവ്വാഴ്ച നടക്കുന്ന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനും സാദ്ധ്യതയില്ല. മുൻകൂർജാമ്യം കിട്ടുന്നതിന് മുമ്പായി പരമാവധി പ്രക്ഷോഭം നടത്താനാണ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.