ത്യശൂർ: സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ മത്സരങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും പ്രതിഷേധം. കെ.എസ്.യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധ പന്ത് കളി നടത്തിയും എം.എസ്.എഫ് വേദിയിലേക്ക് മാർച്ച് നടത്തിയുമാണ് പ്രതിഷേധിച്ചത്.
സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഉപജില്ലാ, ജില്ലാ മത്സരങ്ങൾ ഒഴിവാക്കി സംസ്ഥാന തലത്തിൽ മാത്രം നടത്തിയതിലായിരുന്നു പ്രതിഷേധം. ടൂർണമെന്റിന്റെ പ്രാധാന വേദിയായ തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിലേക്കാണ് എം.എസ്.എഫ് മാർച്ച് നടത്തിയത്. ഉപജില്ല മുതൽ സംസ്ഥാനം വരെ അണ്ടർ 17, 14 മത്സരങ്ങളിൽ മൂവായിരത്തിലധികം സ്‌കൂളുകൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാന തല മത്സരം മാത്രം നടത്തിയതിനാൽ കേവലം 150 സ്‌കൂളുകൾക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക. കെ.എസ്.യു പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. നിഖിൽ ദാമോദരൻ, മുഹമ്മദ് സറൂഖ്, വി.എസ്. ഡേവിസ്, വിഷ്ണു ചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് അഫ്‌സൽ യൂസഫ്, ജില്ലാ ട്രഷറർ കെ.വൈ. അഫ്‌സൽ, ജില്ലാ ഭാരവാഹികളായ ഷഫീക് ആസിം, നയിം, നബ്ജാൻ, ഫായിസ് മുഹമ്മദ്, സ്വാലിഹ്, അനസ് വട്ടേക്കാട്, ഷാഹിർ, ഹാരിസ് ഉസ്മാൻ, ജാബിർ വരവൂർ തുടങ്ങിയവർ നേതൃത്വം നൽകി.