ചെങ്ങാലൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയ അൽഫോൺസ ഓയിൽ മിൽ വീണ്ടും തുറക്കുന്നു. മൂന്ന് വർഷം മുമ്പ് പൂട്ടിയ മിൽ തുറക്കുന്നത് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിക്കാനെന്നാണ് നാട്ടുകാരുടെ ആരോപണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ വെളിച്ചെണ്ണ ടാങ്കിൽ ചത്ത എലിയെ കണ്ടെത്തിയിരുന്നു. കൂടാതെ, നിരോധിത ബ്രാൻഡിലുള്ള വെളിച്ചെണ്ണയുടെ നൂറുകണക്കിന് പാക്കറ്റുകളും കണ്ടെടുത്തു.

തമിഴ്‌നാട്ടിലെ ഈറോഡ് പെരുന്തറൈയിലെ ശ്രീ മഹാലക്ഷ്മി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത ബ്രാൻഡ് എത്തിച്ചിരുന്നത്. പാമോയിൽ എന്ന പേരിൽ പാരഫിൻ വാക്‌സ് ആണ് കൊണ്ടുവന്നതെന്നായിരുന്നു ആരോപണം. തുടർന്നായിരുന്നു നാട്ടുകാർ ആമ്പല്ലൂരിൽ ലോറി തടഞ്ഞത്.

വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിനുള്ള കപ്പാസിറ്റി വർദ്ധിപ്പിച്ചാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതി വാങ്ങി സ്ഥാപനം വീണ്ടും തുറന്നത്. വെളിച്ചെണ്ണ ഫാക്ടറിയിലേക്ക് എന്തിനാണ് പാമോയിൽ കൊണ്ടുവരുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ച ശേഷം വാഹനം സംസ്ഥാന അതിർത്തി കടത്തിവിടുകയായിരുന്നു.

പരിശോധനാഫലം വരുന്നതുവരെ ടാങ്കർ ലോറി സൂക്ഷിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് സൗകര്യമില്ലാത്തതിനാലാണ് വാഹനം തിരിച്ചയച്ചതത്രെ. ഓണവിപണി ലക്ഷ്യമിട്ട് ടൺ കണക്കിന് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിക്കാൻ ഒട്ടേറെ സ്ഥാപനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിനു പുറത്തു നിന്നും വിവിധ പേരുകളിൽ ടൺ കണക്കിന് ഓയിൽ സംസ്ഥാനത്തേക്ക് എത്തിക്കുന്നതെന്നാണ്‌ സംശയം.

മൂന്നുവർഷം മുൻപ്

വെളിച്ചെണ്ണ ടാങ്കിൽ ചത്ത എലിയെ കണ്ടെത്തി

നിരോധിത ബ്രാൻഡ് വെളിച്ചെണ്ണ കണ്ടെത്തി

പാമോയിൽ എന്ന പേരിൽ പാരഫിൻ വാക്സ്

വെളിച്ചെണ്ണ മില്ലിൽ പാമോയിൽ എന്തിന് ?

നാട്ടുകാർ തടഞ്ഞ ലോറി അതിർത്തി കടത്തി

ഇപ്പോൾ

ഓണം ലക്ഷ്യമിട്ട് വിപണിയിൽ വ്യാജനെത്തിച്ച് ലാഭം കൊയ്യുക. ഉത്പാദന ശേഷി വർദ്ധിപ്പിച്ചായിരുന്നു വീണ്ടും തുറക്കൽ.