ചാലക്കുടി: മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതിയുടെ വിലങ്ങു കൊണ്ടുള്ള അടിയേറ്റ് പൊലീസുകാരന് പരിക്ക്. തലയ്ക്ക് ഗുരുതര മുറിവേറ്റ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പ്രസീലിനെ (38) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന തൃക്കോവിൽവട്ടം രാധിക ഭവനിൽ രാമചന്ദ്രനാണ് പൊലീസുകാരനെ ആക്രമിച്ചത്.
ചാലക്കുടിയിലെ ഒരു ബൈക്ക് മോഷണ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇതിനായി ജയിലിൽ നിന്നാണ് ഇയാളെ ചാലക്കുടി കോടതിയിലേക്ക് കൊണ്ടു വന്നത്. കോടതി വരാന്തയിൽ വച്ചായിരുന്നു ആക്രമണം. ദേഹം നിറയെ രക്തവുമായി പൊലീസുകാരനെ ഉടനെ മറ്റു പൊലീസുകാർ ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രസീലിനെ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 21 വർഷത്തേക്ക് ശിക്ഷ അനുഭവിക്കുന്ന പൂജപ്പുര ജയിലിലേക്ക് തന്നെ എത്തിക്കുവാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിന് ഇയാളുടെ പേരിൽ ചാലക്കുടി പൊലീസ് പുതിയൊരു കേസും രജിസ്റ്റർ ചെയ്തു. പലതവണ മയക്കുമരുന്നു വിൽപ്പന കേസുകളിലാണ് രാമചന്ദ്രനെ ശിക്ഷിച്ചത്. ബീഡി ആവശ്യപ്പെട്ടപ്പോൾ വാങ്ങിക്കൊടുക്കാത്തതാണ് തന്നെ ആക്രമിക്കാൻ കാരണമെന്ന് പരിക്കേറ്റ പ്രസീൽ പറഞ്ഞു.