തൃശൂർ : സാംസ്‌കാരിക വകുപ്പിന്റെ സ്വാതി സംഗീത പുരസ്‌കാരം കർണാടക ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി. വി ഗോപാലകൃഷ്ണന് മന്ത്രി എ.കെ ബാലൻ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ മൂന്ന് കോടി രൂപ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ കലയെ വളർത്താൻ നാട്ടരങ്ങ് കലാപരിപാടികൾക്കായി 10 ലക്ഷം രൂപയും വിവിധ കലാകാരന്മാരെ കണ്ടെത്തി 15,000 രൂപയുടെ സഹായധനവും അനുവദിക്കും. സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായി. സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് പ്രശംസാപത്രം വായിച്ചു. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ .പി. മോഹനൻ, ലളിതകലാ അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, രാജശ്രീ വാര്യർ എന്നിവർ സംസാരിച്ചു.