വടക്കാഞ്ചേരി: കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും വളർത്തിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കലാപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജീവിത സാഹചര്യമൊരുക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ആരംഭിച്ചതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അദ്ധ്യക്ഷനായി. ഗ്രന്ഥശാലകൾക്കുള്ള ഫർണീച്ചർ വിതരണം, പി.എം.എ.വൈ വനിതാ മേസ്തിരി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ടൂൾകിറ്റ് വിതരണം, പ്രളയാനന്തര പുനർനിർമ്മാണം സാനിറ്ററി, ഇലക്ട്രിക് സാമഗ്രികളുടെ വിതരണം എന്നിവയും ചടങ്ങിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ. ശ്രീജ, മീന ശലമോൻ, സി. വിജയലക്ഷ്മി, തുടങ്ങിയവരും വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുത്തു.