ചെറുതുരുത്തി: വ്യതിരിക്തമായ ഒരു സംസ്‌കാരത്തിന്റെ അവകാശികളായി വിദ്യാർത്ഥി സമൂഹത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ദേശമംഗലം സർക്കാർ സ്കൂൾ. ജോലി ചെയ്ത് ശമ്പളം വാങ്ങി വീട്ടിൽ പോവുകയെന്നതല്ല ഇവിടത്തെ അദ്ധ്യാപകരുടെ ലക്ഷ്യം. നാടും നാട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ട ശിഷ്യഗണങ്ങളും ഒത്തുചേർന്ന് വ്യത്യസ്ഥവും സത്യസന്ധതയും മനുഷ്യസ്‌നേഹമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധരായി പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിന് രൂപം നൽകുകയാണ് ഇവർ.
ഹയർ സെക്കൻഡറി വിഭാഗത്തിലെ 130 വിദ്യാർത്ഥികൾക്ക് ജനകീയ പങ്കാളിത്തത്തോടെ യുണിഫോം സൗജന്യമായി നൽകി. വാങ്ങുന്നതു പോലെ നൽകാനുമുള്ള മനസ്സ് വിദ്യാർത്ഥികളിൽ ഉണ്ടാക്കിയതോടെ സാമ്പത്തിക ഭദ്രതയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും യൂണിഫോമിന്റെ വിലയോ അതിനേക്കാൾ വലിയ സംഖ്യയോ തിരിച്ച് കുട്ടിയെ അറിയുക എന്ന അക്കൗണ്ടിൽ നിക്ഷേപിച്ച് നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ മുന്നോട്ടുവന്നതോടെ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവ് പൂർണ്ണമായി തുടച്ചു നീക്കപ്പെട്ടു.
പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനായി ലഭിക്കുന്ന തുക കൊണ്ട് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനും തീരുമാനമായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഹയർ സെക്കൻഡറിയിൽ സൗജന്യ യൂണിഫോം ഏർപ്പെടുത്തുന്നതെന്ന പ്രത്യേകതയും ഇതോടെ ദേശമംഗലത്തിന് സ്വന്തം. കഴിഞ്ഞ ദിവസം ഇവിടെ നടന്ന മാനവം - 2019ന്റെ ഉദ്ഘാടനത്തിലും സവിശേഷതകളേറെയുണ്ടായിരുന്നു. ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള അതിഥികൾക്ക് മാധവിക്കുട്ടിയുടെ മലയാളത്തിന്റെ സുവർണ്ണ കഥകൾ എന്ന പുസ്തകം നൽകിയാണ് സ്വീകരിച്ചത്.