തൃശൂർ: വിയ്യൂർ പ്രിസൺ ഡോഗ് സ്‌ക്വാഡിലെ മോണി എന്ന ഡോബർമാൻ പിൻസ്ഷയർ ഇനത്തിൽപ്പെട്ട നായ, പൊലീസ് അക്കാഡമിയിലെ വിശ്രാന്തി റിട്ടയർമെന്റ് ഹോമിലേക്ക്. നാല് വയസ് പ്രായമുള്ള മോണിക്ക് ഡെമോഡെക്ടിക് മാൻജേ എന്ന ത്വക്ക് രോഗമാണ്. ഇതിന് ദീർഘനാളായി ചികിത്സ നടത്തി വരികയാണ്. ഇതിനിടെ മറ്റ് പല രോഗങ്ങളും പിടിപ്പെട്ടെന്ന വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റാൻ തീരുമാനമെടുത്തത്.
ആജീവനാന്തം ചികിത്സ ആവശ്യമുള്ളതായും റിപ്പോർട്ടിലുണ്ട്. നേരത്തെ വിയ്യൂർ ജയിൽ സന്ദർശിക്കാനെത്തിയ ഡി.ജി.പി ഋഷിരാജ് സിംഗ് ഡോഗ് സ്‌ക്വാഡിലും എത്തിയപ്പോൾ മോണിയുടെ ആരോഗ്യനിലയെ കുറിച്ച് ജീവനക്കാർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടികൾക്ക് വേഗം വച്ചത്. അടുത്തിടെയാണ് പൊലീസ് അക്കാഡമിയിൽ റിട്ടയർമെന്റ് ഡോഗുകൾക്കായി വിശ്രാന്തി ആരംഭിച്ചത്.
മോണിയെ ചികിത്സിച്ചിരുന്ന വെറ്ററിനറി സർജൻ ഡോ. സുനിൽ കരുണാകരൻ ദത്തെടുക്കാമെന്നും ശുശ്രൂഷിക്കാമെന്നും വാഗ്ദാനം നൽകിയെങ്കിലും നിയമപരമായ കാരണങ്ങളാൽ അനുവദിച്ചില്ല. അടുത്തിടെ ജൂലിയും ജാക്കിയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ടതിനെ തുടർന്ന് ഇനി വിയ്യൂരിൽ ശേഷിക്കുന്നത് ജർമ്മൻ ഷേപ്പേഡായ സ്‌നൂപ്പിയും ഡോബർമാനായ ബെല്ലയും മാത്രമാണ്.