തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാൻ ജില്ലയിൽ വേണ്ടത്ര അദ്ധ്യാപകരില്ല. അഞ്ച് കുട്ടികൾക്ക് ഒരു റിസോഴ്‌സ് അദ്ധ്യാപകൻ എന്ന അനുപാതം പാലിക്കണമെന്നിരിക്കെ ഭൂരിഭാഗം സ്‌കൂളുകളിലും 35 മുതൽ 50 കുട്ടികളെയാണ് ഒരാൾ കൈകാര്യം ചെയ്യുന്നത്. കൂടുതൽ പരിചരണവും ശ്രദ്ധയും ആവശ്യമുള്ളവരാണ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. അദ്ധ്യാപകരുടെ കുറവുമൂലം പഠനം ഗുണകരമാകില്ലെന്ന വിലയിരുത്തലിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ മടിക്കുകയാണ് രക്ഷാകർത്താക്കൾ.

ഭിന്നശേഷിയുള്ള 12,000ലേറെ കുട്ടികൾ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലുള്ളപ്പോൾ റിസോഴ്സ് അദ്ധ്യാപകർ ആകെ 184 പേർ മാത്രം. ഭിന്നശേഷിക്കാർക്കും റെഗുലർ സ്‌കൂളിൽ പഠിക്കാൻ അവസരമൊരുക്കുന്ന സംയോജിത വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിൽ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിച്ചത്. രണ്ട് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ഒരു റിസോഴ്‌സ് അദ്ധ്യാപകൻ പഠിപ്പിക്കുന്ന രീതിയിലാണ് ജില്ലയിലെ ടൈം ടേബിൾ.
വേലൂർ ഗവ. സ്‌കൂളിൽ മാത്രം 35 കുട്ടികളുണ്ട്. ചില സ്‌കൂളുകളിൽ ഇതിൽക്കൂടുതൽ കുട്ടികളുണ്ട്. ഇങ്ങനെയുള്ള സ്‌കൂളുകളിൽ ആഴ്ചയിൽ നാലു ദിവസം ഒരു അദ്ധ്യാപകൻ തന്നെയാണ് ക്‌ളാസെടുക്കുന്നത്. രണ്ടു വിഭാഗങ്ങളിലായിട്ടാണ് കുട്ടികളെ പരിഗണിക്കുന്നത്. ഒന്നുമുതൽ ഏഴുവരെ എലമെന്ററി വിഭാഗവും എട്ടുമുതൽ 12 വരെ സെക്കൻഡറി വിഭാഗവും.

 ജോലി കൂടുതൽ
അദ്ധ്യാപകർ ഇല്ലാത്തതിനുപുറമെ ബി.ആർ.സിയിൽ നിന്നുള്ള അധിക ജോലി കൂടി റിസോഴ്‌സ് അദ്ധ്യാപകർക്ക് ചെയ്യണം. ഇതിനു പുറമെ മെഡിക്കൽ ക്യാമ്പ് നടത്തി കുട്ടികളെ സംഘടിപ്പിച്ച് സ്‌കൂളുകളിലേക്ക് എത്തിക്കുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതും അവർ തന്നെ. കുട്ടികൾ കൂടുന്നതിനനുസരിച്ച് അദ്ധ്യാപക തസ്തിക വർദ്ധിക്കുമെന്നതിനാൽ ക്യാമ്പ് നടത്താനും കുട്ടികളെ കണ്ടെത്തുന്നതിലും അദ്ധ്യാപകർക്ക് താത്പര്യമുണ്ട്. പക്ഷെ, വിവിധ തരത്തിലുള്ള ഭിന്നശേഷിയുള്ള കൂടുതൽ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകർ പ്രയാസപ്പെടുന്നുണ്ട്.


 സമയക്രമം
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആദ്യ സ്‌കൂളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടാമത്തെ സ്‌കൂളിലും. സ്‌കൂളിൽ വരാൻ കഴിയാതെ വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ വീട്ടിലെത്തി പഠിപ്പിക്കാനുള്ള ദിവസമാണ് ബുധനാഴ്ച.


 സംയോജിത വിദ്യാഭ്യാസം


ഓട്ടിസം, ബുദ്ധിമാന്ദ്യം, അരിവാൾ രോഗം തുടങ്ങി 21 തരം വൈകല്യങ്ങൾ ഉളള കുട്ടികളെയാണ് പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളായി സർക്കാർ കണക്കാക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഡി.പി.ഇ.പി പദ്ധതിയുടെ കടന്ന് വരവോടെയാണ് ഇത്തരം കുട്ടികൾ സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകാൻ തുടങ്ങിയത്.

നിലവിലുള്ള അദ്ധ്യാപകർ
സെക്കൻഡറി 79
എലമെന്ററി 105
വേണ്ടത് 68


പുതിയ അധ്യാപകർ വേണമെന്ന് ഡയറക്ടറേറ്റിൽ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റിൽ കുറച്ചുകൂടി അദ്ധ്യാപകരെ നിയമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

- ബിന്ദു പരമേശ്വരൻ (ജില്ലാ പ്രോജക്റ്റ് ഓഫീസർ)