തൃശൂർ: കൊല്ലം കാളിദാസയുടെ സാരഥി വിജയകുമാരിക്ക് ഭരത് പി.ജെ. ആന്റണി സ്മാരക അഭിനയ പ്രതിഭ അവാർഡ് നൽകുന്നതിലൂടെ മഹത്തായ അവാർഡ് അർഹമായ കരങ്ങളിൽ എത്തിചേർന്നതിൽ മലയാളിക്ക് അഭിമാനിക്കാമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. 11-ാമത് ഭരത് പി.ജെ. ആന്റണി സ്മാരക ദേശീയ ഡോക്യു-ഫിലിംഫെസ്റ്റ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഭരത് പി.ജെ. ആന്റണി സ്മാരക അഭിനയപ്രതിഭാ പുരസ്‌കാരം അഭിനേത്രി വിജയകുമാരിക്ക് സമർപ്പിച്ചു. കവി ഡോ. സി. രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ മുഖ്യാതിഥിയായി. രക്ഷാധികാരി ബിന്നി ഇമ്മട്ടി ക്യാഷ് അവാർഡ് സമർപ്പിച്ചു. ജനറൽ കൺവീനർ ചാക്കോ ഡി. അന്തിക്കാട്, പ്രൊഫ. ടി.എ. ഉഷകുമാരി, ഡോ. പി. ഗീത, സംഗീത അദ്ധ്യാപിക അസി. പ്രൊഫ. ശ്രീജ കെ.ടി, അഭിനേത്രി സന്ധ്യ രാജേന്ദ്രൻ, ശില്പി മണികണ്ഠൻ കിഴക്കൂട്ട്, സംവിധായകരായ നീലൻ, കെ. രാജേന്ദ്രൻ, രാജേഷ് നാരായണൻ, നടന്മാരായ വിനോദ് കോവൂർ, സൂർജിത് ഗോപിനാഥ്, അഡ്വ. കെ.ആർ. അജിത് ബാബു, ജോയ് പ്ലാശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഭരത് പി.ജെ. സ്മാരക ദേശീയ നാടകരചന, ഡോക്യുമെന്ററി ആൻഡ് ഷോർട്ട്ഫിലിം അവാർഡുകളും, മനോധർമ്മാഭിനയമത്സര അവാർഡുകളും സമ്മാനിച്ചു.
കേരളത്തിലെ 10-ഓളം കലാസമിതികളും ഗ്രൂപ്പുകളും അവാർഡ് ജേതാവ് വിജയകുമാരിയെ ആദരിച്ചു. തുടർന്ന് സാധകം സംഗീതാലയം ചേർപ്പ് വിദ്യാർത്ഥികളുടെ ഗാനാലപനം നടന്നു.