തൃശൂർ: ഗീത ഗോപി എം.എൽ.എ കുത്തിയിരിപ്പു സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോൺഗ്രസ് നടപടി നികൃഷ്ടവും നിന്ദ്യവുമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു. പട്ടിക വിഭാഗ വ്യക്തികൾക്കെതിരെ ഇത്തരം പ്രയോഗം നടത്തുന്നവർ ആരായാലും അയിത്തം അടയാളപ്പെടുത്തുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഉടൻ ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാന്ധിയൻ പാരമ്പര്യവാദികളായിട്ടും വീണ്ടുവിചാരമില്ലാതെ ഗീത ഗോപിയെ ചാട്ടവാറു കൊണ്ടടിക്കണമായിരുന്നുവെന്നാണ് യുവതുർക്കികളുടെ സംസ്ഥാന നേതാവിന്റെ പ്രതികരണം. ഇവരെ നിയന്ത്രിക്കേണ്ട മുല്ലപ്പള്ളി രാമചന്ദ്രൻ നിശബ്ദനാണ്. ഗീത ഗോപി നൽകിയ പരാതിയിന്മേൽ പട്ടിക വിഭാഗ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം കേസെടുത്ത നടപടി ഉചിതമായി. രാഷ്ട്രീയ അന്തർധാരയും കാനം രാജേന്ദ്രന്റെ നിലപാടും ഇനിയും വ്യക്തമല്ല.
ആൾക്കൂട്ട അതിക്രമത്തിന്റെ അവ്യക്തതയിൽ കുരുക്കിയിടാതെ ചാണകവെള്ള പ്രയോഗത്തിന് തീരുമാനിച്ച വ്യക്തികളെയും നടപ്പിലാക്കിയ വ്യക്തികളെയും കണ്ടുപിടിച്ച് കുറ്റമറ്റ കേസ് ചാർജ് ചെയ്യാൻ സർക്കാരിന് കഴിയണമെന്ന് ടി.വി. ബാബു അഭിപ്രായപ്പെട്ടു.