seva
കേച്ചേരി മേഖലാ ക്ഷേത്ര - ധർമ്മപരി പാലനസമിതി, മഴുവഞ്ചേരി മഹാദേവക്ഷേത്രത്തിൽ ഒരുക്കിയ അന്ന വസ്ത്രദാനസത്രം സ്വാമി നിഗമാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യുന്നു.

കേച്ചേരി: മർത്യകുലത്തെ സേവിക്കുന്നതിലൂടെ, ഈശ്വരപ്രാപ്തി കൈവരിക്കാനാകുമെന്ന് ഓംകാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദ തീർത്ഥപാദർ. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് ലോകത്തിന് സന്ദേശം നൽകിയ ഭാരതീയർക്ക് നന്മ മാത്രം പ്രചരിപ്പിക്കാനേ കഴിയൂയെന്നും സ്വാമി പറഞ്ഞു.
നാരായണാശ്രമ തപോവനവും ഹിന്ദ് നവോത്ഥാൻ പ്രതിഷ്ഠാനും സംയുക്തമായി മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയ 34-ാം അന്ന- വസ്ത്ര ദാന സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എൻ. ഗോപാലകൃഷ്ണൻ ചെയർമാനായ 'ഭാരതഭൂമി' ന്യൂസ് ചാനലിന്റെ ലോഗോ പ്രകാശനം സ്വാമി നിഗമനന്ദ നിർവഹിച്ചു. സോപാന സംഗീതത്തിൽ വേൾഡ് ഗിന്നസിൽ ഇടം നേടിയ ജ്യോതിദാസ് ഗുരുവായൂർ, സിനിമാനടൻ ചന്ദ്രശേഖരൻ പുതുശ്ശേരി എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.

ചടങ്ങിൽ നാഷണൽ ഹെറിറ്റേജ് സെന്റർ ഡയറക്ടർ ഡോ. കെ.കെ. ഹരിദാസൻപിള്ള അദ്ധ്യക്ഷനായി. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. നായർ മുഖ്യാതിഥിയായി. സ്വാമി ശുദ്ധാനന്ദ സരസ്വതി, ഷിജുലാൽ കേട്ടക്കൽ, ഷാജി വരവൂർ, പി.പി.വേണുഗോപാൽ, അനഘ, പി. ലക്ഷ്മിക്കുട്ടി ടീച്ചർ, എസ്.എൻ.ഡി.പി വനിതാസംഘം ജില്ലാ കോ- ഓർഡിനേറ്റർ പി.ബി. ഇന്ദിരാദേവി ടീച്ചർ, മൂകാംബിക വിദ്യാനികേതൻ മാനേജർ പി.ഡി. ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

സത്രസമിതി ജോയിന്റ്‌ സെക്രട്ടറി ബാബുരാജ് കേച്ചേരി സ്വാഗതവും സി.പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു. കേച്ചേരി മേഖലാ ക്ഷേത്ര ധർമ്മപരിപാലന സമിതിയും, മാതൃസമിതിയും അരി വിതരണത്തിനു വേണ്ട സൗകര്യങ്ങളൊരുക്കിയത്.