തൃശൂർ: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇനി ഇ-പോസ് മെഷിനിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു.പി.എ ആപ്പുകൾ മുഖേന ഒരു രൂപ മുതലുള്ള പണമിടപാടുകൾ സ്വീകരിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില്ലേജുകളുള്ള തൃശൂരിലെ 255 വില്ലേജുകളിലും നാളെ ഒന്ന് മുതൽ ഇ-പോസ് മെഷിൻ പ്രയോഗത്തിൽ വരും. സംസ്ഥാന സർക്കാർ ഫെഡറൽ ബാങ്കുമായി ചേർന്നാണ് ഇ-പേയ്‌മെന്റ് പദ്ധതി നടപ്പിലാക്കുന്നത്.

മെഷിൻ വിതരണ പരിശീലന പരിപാടി കളക്ടർ ഷാനവാസ് ഉദ്ഘാടനം ചെയ്തു. മെഷിന്റെ ആദ്യവിതരണം കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസിനു നൽകി കളക്ടർ നിർവഹിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ. സുരേഷ് കുമാർ പരിശീലന ക്ലാസിനു നേതൃത്വം നൽകി.

ഗുണം മെച്ചം, സമയം ലാഭം

പണമിടപാടുകൾ എളുപ്പത്തിൽ നടത്താം, ചില്ലറക്ഷാമം പരിഹരിക്കാം

കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനും ഇ-പോസ് ഇടപാടിലൂടെ സാധിക്കും.

ഭൂനികുതി ഉൾപ്പെടെയുള്ള പണ ക്രയവിക്രയങ്ങൾ അതതു ദിവസം സർക്കാരിലെത്തും

പണം നഷ്ടപ്പെടാനും ഇടപാട് വൈകുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം

വില്ലേജിലെ ജീവനക്കാർ കൂടുതൽ സമയം ഓഫീസ് സേവനത്തിനും മെഷീൻ ഉപകരിക്കും