കൊടുങ്ങല്ലൂർ: നഗരസഭയിലെ മേത്തല വില്ലേജ് പ്രദേശം തീരദേശ പരിപാലന നിയമത്തിന്റെ മൂന്നാം വിഭാഗത്തിൽ നിന്നും രണ്ടാം വിഭാഗത്തിലേക്ക് മാറ്റാൻ നടപടിയായി. തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തി മേത്തല വില്ലേജിലെ ഭവന നിർമ്മാണ തടസ്സം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേത്തല വില്ലേജ് പ്രദേശം ഇതുവരെ മൂന്നാം കാറ്റഗറിയിലെ കർശന നിയന്ത്രണ മേഖലയിലായിരുന്നു. തീരത്ത് നിന്നും 100 മീറ്റർ പരിധിക്കുള്ളിൽ യാതൊരുവിധ പുതിയ നിർമ്മാണങ്ങളും അനുവദിച്ചിരുന്നില്ല. നിലവിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച്, അതേ അളവിലുള്ള പുനർനിർമ്മാണം മാത്രമാണ് അനുവദിച്ചിരുന്നത്. പുതുതായി വീട് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പി.എം.എ.വൈ ഗുണഭോക്താക്കൾക്കും ഇത് തടസം സൃഷ്ടിച്ചിരുന്നു.
നഗരസഭാ പരിധിയിലെ പുല്ലൂറ്റ്, ലോകമലേശ്വരം മേഖലകൾ മുൻപേ കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിയാൻ തീരദേശ പരിപാലന അതോറിറ്റി അനുവാദം നൽകിയിരുന്നു. പുതിയ വീടുകൾക്ക് വിസ്തീർണവും ബാധകമല്ല. ആ പരിഗണനയാണ് 2010ൽ നഗരസഭയിൽ ലയിപ്പിച്ച മേത്തല വില്ലേജിനും ലഭിക്കുക. ഇതോടെ വീട് നിർമ്മാണത്തിന് അനുമതി ലഭിക്കണമെങ്കിൽ തിരുവനന്തപുരത്ത് തീരദേശ പരിപാലന അതോറിറ്റിക്ക് അപേക്ഷ നൽകണമെന്ന കടമ്പ ഒഴിവായി.
കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല കമ്മിറ്റിക്ക് വീടുകൾക്ക് മാത്രമായി അനുമതി കൊടുക്കാനും സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇന്നലെ നടന്ന ജില്ലാതല കമ്മിറ്റിയിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ നിന്നും സമർപ്പിച്ച 16 അപേക്ഷകൾക്ക് അനുമതി ലഭിച്ചു. നഗരസഭയെ പ്രതിനിധീകരിച്ച് ഓവർസിയർ എം.വി. ധന്യ, സീനിയർ ക്ലർക്ക് പി.കെ. ജയറാണി എന്നിവർ പങ്കെടുത്തു.
വലിയ ആശ്വാസം
പുതിയ ഭേദഗതി മേത്തല വില്ലേജിൽ വീട് വയ്ക്കുന്നവർക്കും പ്രത്യേകിച്ച് നഗരസഭ വീട് വച്ച് നൽകുന്ന ദുർബല വിഭാഗങ്ങൾക്കും വലിയ ആശ്വാസമേകും.
-കെ.ആർ. ജൈത്രൻ, നഗരസഭാ ചെയർമാൻ
തടസവാദമായി തീരദേശനിയമം
മേത്തലയെ തീരദേശ നിയമത്തിന്റെ കാറ്റഗറി മൂന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റി
നിയമം പ്രാബല്യത്തിൽ വന്ന 1996 മുതൽ വീട് വയ്ക്കുന്നതിന് നിയന്ത്രണം
തീരത്ത് 100 മീറ്റർ പരിധിക്കുള്ളിൽ പുതിയ നിർമ്മാണം അനുവദിച്ചിരുന്നില്ല
മത്സ്യത്തൊഴിലാളികൾക്കും പി.എം.എ.വൈ ഗുണഭോക്താക്കൾക്കും തടസമായി
കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല കമ്മിറ്റിക്ക് വീട് വയ്ക്കാൻ അനുമതി നൽകാം