ചാവക്കാട്: ട്രോളിംഗ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങാനുള്ള അവസാന വട്ട ഒരുക്കത്തിൽ. ജൂൺ ഒമ്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. ഇതോടെ യന്ത്രം ഘടിപ്പിച്ച ബോട്ടുകൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്താം. നിരോധനം അവസാനിക്കുന്നതോടെ ചാകര പ്രതീക്ഷയിലാണ് തീരം.
ജില്ലയിലെ പ്രധാന ഫിഷ് ലാൻഡിംഗ് സെന്ററിൽ ഒന്നായ ചാവക്കാട് മുനക്കകടവിൽ മത്സ്യബന്ധന ബോട്ടുകലെല്ലാം അവസാനഘട്ട മിനുക്കുപണികളിലാണ്. വലകൾ എല്ലാം അറ്റകുറ്റപ്പണി പൂർത്തിയാക്കി. കടലമ്മ കനിയും എന്ന പ്രതീക്ഷയിൽ ബുധനാഴ്ച അർദ്ധരാത്രിയിൽ ഇവിടെ നിന്നുള്ള ബോട്ടുകളിൽ പലതും കൊല്ലത്തേക്ക് പോകും. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലേക്കായിരിക്കും ഇവർ പോകുക. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ തീരം പ്രതീക്ഷയിൽ ആണെങ്കിലും കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികളിൽ നിലനിൽക്കുന്നുണ്ട്.
അതേസമയം മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ് അടക്കമുള്ളവ വർദ്ധിപ്പിച്ചതിനെതിരായ പ്രതിഷേധം മേഖലയിൽ ശക്തമാണ്. 5000 രൂപയായിരുന്ന ബോട്ടുകളുടെ ലൈസൻസ് ഫീസ് 52,000 രൂപയാണ് ഉയർത്തിയിട്ടുള്ളത്. ഇതിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും ഉടമകൾ ഒരുങ്ങുന്നുണ്ട്.