ചാലക്കുടി: കെ.എസ്.ആർ.ടി.സി റോഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. പ്രതിപക്ഷത്തെ കെ.വി. പോളാണ് ഇക്കാര്യം സംബന്ധിച്ച ചർച്ചക്ക് തുടക്കമിട്ടത്. റോഡിന്റെ ഇരുഭാഗത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്‌ക്കരമായി മാറിയിരിക്കുകയാണെന്ന് കെ.വി. പോൾ പറഞ്ഞു. ഇക്കാര്യത്തെ അനുകൂലിച്ച് വാർഡ് കൗൺസിലർകൂടിയായ ഭരണപക്ഷത്തെ വി.ജെ. ജോജിയും രംഗത്തെത്തി. ബി.ഡി.ദേവസ്സി എം.എൽ.എ അനുവദിച്ച രണ്ട് കോടി ഇരുപത് ലക്ഷം രൂപ ചെലവിൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി ടൈൽ വിരിച്ച് നവീകരച്ച ഈ റോഡിലെ അനധികൃത പാർക്കിംഗിനെ തുടർന്ന് വാഹനയാത്ര ദുഷ്‌ക്കരമായി മാറിയിരിക്കുകയാണെന്ന് ജോജി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നിർദേശം നൽകുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. മത്സ്യമാംസ മാർക്കറ്റിലേക്ക് അടിയന്തരമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്‌ഷൻ എടുക്കാനും യോഗം തീരുമാനിച്ചു. ഇവിടത്തെ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് മാർക്കറ്റിലെ ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഭരണപക്ഷിയംഗം എം.എം. ജിജൻ എന്നിവർ പറഞ്ഞു. വാർഡുകളിലെ വഴിവിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കരാറുകാർ വിതരണം ചെയ്യുന്ന ട്യൂബ് സെറ്റടക്കമുള്ളവയുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും.
2019 -20വർഷത്തെ പദ്ധതിയുടെ ഭാഗമായി വാർഡ്‌സഭകൾ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് യോഗത്തിൽ പാസാക്കി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിൻ, ഷിബു വാലപ്പൻ, ബിജു എസ്.ചിറയത്ത്, സുമ ബൈജു തുടങ്ങിയവർ സംസാരിച്ചു.