കൊടുങ്ങല്ലൂർ: മഹാസമാധി നാളിലെ കോട്ടപ്പുറം വള്ളംകളി മാറ്റിവയ്ക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാ സംഘം യൂണിയൻ യോഗം ആവശ്യപ്പെട്ടു. ഗുരുദേവന്റെ 92-ാം മഹാ സമാധി ദിനത്തിൽ കോട്ടപ്പുറം വള്ളംകളി നടത്താനുള്ള നീക്കത്തിൽ നിന്നും സംഘാടക സമിതിയും ടൂറിസം -സാംസ്കാരിക വകുപ്പും കേരള സർക്കാരും പിന്തിരിയണം.

മഹാസമാധി ദിനത്തിലെ ആഘോഷത്തിന് പിന്നിലുള്ള നിഗൂഢത മനസിലാക്കാൻ വലിയ പ്രയാസമില്ല. ബാലിശവും അപക്വവുമായ ഈ നീക്കം ഉപേക്ഷിക്കാനും കോട്ടപ്പുറം വള്ളംകളി അതിന്റെ മുഴുവൻ ശോഭയോടും കൂടി മറ്റൊരു ദിവസം നടത്താനും ടൂറിസം വകുപ്പും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനാധിപത്യ മാർഗത്തിലൂടെ ശക്തമായി പ്രതികരിക്കുമെന്നും വനിതാസംഘം നേതാക്കൾ മുന്നറിയിപ്പ് നൽകി.

യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജയാരാജൻ, വൈസ് പ്രസിഡന്റ് സുലേഖ അനിരുദ്ധൻ, ഷൈലജ ശരവണൻ, ജാനകി ബാലൻ, അനിതാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

മഹാസമാധി ദിനത്തിൽ കോട്ടപ്പുറം വള്ളംകളി നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പുല്ലൂറ്റ് നായ്ക്കുളം കുടുംബ ക്ഷേമ സഭ പൊതുയോഗം ആവശ്യപ്പെട്ടു. ശ്രീനാരായണ സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ വിലകുറച്ച് കാണാനും അതുവഴി അവഹേളിക്കാനുമാണ് ഇത്തരം നീക്കങ്ങളെന്ന് വേണം കരുതാനെന്നും ഇവരുടെ ലക്ഷ്യം ടൂറിസം വികസനമല്ലെന്ന് സർക്കാർ തിരിച്ചറിയണമെന്നും സഭാ പ്രസിഡന്റ് സി.കെ. ഋഷിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. പ്രിയ പ്രദീപ്, സി.ആർ. രാജൻ, പ്രദീപ് കുഴിക്കാട്ടിൽ, ടി.പി. പ്രദീപ്, വിജി സന്തോഷ്, രൂപ സുലഭൻ, എൻ.കെ. പ്രവീൺ എന്നിവർ സംസാരിച്ചു.