ഗുരുവായൂർ: ക്ഷേത്രത്തിൽ അഷ്ടമംഗലപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി 96,000 ഉരു പൂർണസുകൃതഹോമത്തിന് ഇന്നലെ തുടക്കം. വൈദിക പ്രായശ്ചിത്ത ചടങ്ങും ഇന്നലെ നടന്നു. ക്ഷേത്രം വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന് പ്രായശ്ചിത്ത ദാനം നടത്തിയായിരുന്നു ചടങ്ങ്. രാവിലെ ശീവേലിക്ക് ശേഷം നാലമ്പലത്തിനകത്ത് ശ്രീകോവിലിനു മുന്നിലായിരുന്നു ചടങ്ങ്. മന്ത്രധ്വനികൾക്കിടയിൽ അഗ്‌നിഹോത്രികൂടിയായ ക്ഷേത്രവൈദികന് തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് വസ്ത്രം, പണം, ദ്രവ്യങ്ങൾ എന്നിവ സമർപ്പിച്ചായിരുന്നു ചടങ്ങ് നിർവഹിച്ചത്. സുകൃതഹോമം പുലർച്ചെ നാലിന് നാലമ്പലത്തിനകത്ത് വാതിൽമാടത്തിലെ ഹോമകുണ്ഡത്തിൽ തുടങ്ങി. തന്ത്രിമാരും പന്ത്രണ്ട് ഓതിക്കന്മാരും ചേർന്നാണ് ഗായത്രീമന്ത്രം ഉരുവിട്ട് നെയ്യും ചമതയും ഹവിസ്സും അഗ്‌നിയിൽ ഹോമിക്കുന്ന സുകൃതഹോമം നടത്തുന്നത്. സുകൃതഹോമം എട്ട് ദിവസം ഉണ്ടാകും. പരിഹാരക്രിയകളിൽ ഉൾപ്പെട്ട വിളിച്ചുചൊല്ലി പ്രായശ്ചിത്തം നാളെ രാവിലെ നടക്കും. ഓഗസ്റ്റ് ആറിനാണ് അഷ്ടമംഗല്യ പ്രശ്‌ന പരിഹാരക്രിയകളുടെ സമാപനം.